1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2020

സ്വന്തം ലേഖകൻ: നടന്‍ രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. അസുഖബാധിതനായതിനാൽ ഏറെക്കാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്ത് സീരിയല്‍ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്നു. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്.

നാടകാചാര്യന്‍ ടി. എന്‍.ഗോപിനാഥന്‍ നായരുടെയും സൗദാമിനിയുടെയും മൂന്ന് മക്കളില്‍ മൂത്തവനായി ജനിച്ച രവിയുടെ വിദ്യാഭ്യാസമെല്ലാം തിരുവനന്തപുരത്തായിരുന്നു. 1996ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന പമ്പരയിലൂടെയാണ് അഭിനയരംഗത്ത് സജീവമാകുന്നത്. അച്ഛന്‍ ടി.എന്‍.ഗോപിനാഥന്‍ നായര്‍ തന്നെയായിരുന്നു പരമ്പരയുടെ രചന. തുടര്‍ന്ന് നൂറിലേറെ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു.

ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന രവി വള്ളത്തോള്‍ പിന്നീട് നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഏതാണ്ട് അമ്പതോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സ്വാതി തിരുന്നാളിലെ ഗായകന്റെ വേഷത്തിലായിരുന്നു അരങ്ങേറ്റം. 2014ല്‍ പുറത്തിറങ്ങിയ ദി ഡോള്‍ഫിന്‍സാണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

സിബി മലയിലിന്റെ നീ വരുവോളം, സിദ്ധിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചോളം ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. ഇതില്‍ ഏതാനും കഥകള്‍ ടെലിവിഷന്‍ പരമ്പരകളുമായിട്ടുണ്ട്. രവി വള്ളത്തോളിന്റെ നാടകമായ രേവതിക്കൊരു പാവക്കുട്ടി പിന്നീട് സിനിമയാക്കി.

അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഗീതാലക്ഷ്മിയാണ് ഭാര്യ. സംസ്കാരം ഞായറാഴ്ച.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.