1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2022

സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് വര്‍ധിപ്പിച്ചു. റിപ്പോ നിരക്കില്‍ 35 ബേസിസ് പോയന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ 6.25ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനത്തില്‍നിന്ന് 6.8ശതമാനമായി കുറയ്ക്കുകയും ചെയ്തു.

നവംബറിലെപണപ്പെരുപ്പം ഒക്ടോബറിലെ 7.41ശതമാനത്തില്‍നിന്ന് 6.77 ശതമാനമായി കുറഞ്ഞിരുന്നു. എങ്കിലും ആര്‍.ബി.ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാലാണ് നിരക്കില്‍ 35 ബേസിസ്(0.35%)പോയന്റിന്റെ വര്‍ധന വരുത്താന്‍ യോഗത്തില്‍ ധാരണയായത്. 12 മാസമായി പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലാണ്.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്)നിരക്ക് 5.15 ശതമാനത്തില്‍നിന്ന് 6 ശതമാനമായും മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്ക് 6.15ശതമാനത്തില്‍നിന്ന് 6.50ശതമാനമായും പരിഷ്‌കരിച്ചു. മെയില്‍ നടന്ന അസാധാരണ യോഗത്തിലെ 0.40 ബേസിസ് പോയന്റിന്റെ വര്‍ധനയ്ക്കുശേഷം മൂന്നുതവണ അരശതമാനം വീതം വര്‍ധിപ്പിച്ചിരുന്നു.

ഇപ്പോള്‍ 0.35ശതമാനവും കൂട്ടി. മൊത്തം 2.25ശതമാനം(225 ബേസിസ് പോയന്റ്). രാജ്യത്തെ ആഭ്യന്തര മൊത്തം ഉത്പാദനം മന്ദഗതിയിലാകുന്നതിന്റെയും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്നതിന്റെയും സാഹചര്യത്തിലാണ് ഇത്തവണ ആര്‍ബിഐ ധനനയം അവതരിപ്പിച്ചത്.

ഫെബ്രുവരിയിലെ യോഗത്തില്‍ കാല്‍ ശതമാനംകൂടി നിരക്ക് കൂട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. അതോടെ റിപ്പോ നിരക്ക് 6.5ശതമാനമാകും. രണ്ടാം പാദത്തിലെ പണപ്പെരുപ്പവും ജിഡിപി കണക്കുകളും ആര്‍ബിഐയുടെ അനുമാനത്തിന് അനുസൃതമായിരുന്നുവെന്നതും ആശ്വാസകരമാണ്.

2016ല്‍ അവതരിപ്പിച്ച പണപ്പെരുപ്പ നിയന്ത്രണ വ്യവസ്ഥ പ്രകാരം റീട്ടെയില്‍ പണപ്പെരുപ്പം തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ 2-6ശതമാനമെന്ന പരിധിക്ക് പുറത്തായാല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടതായി കണക്കാക്കും. സര്‍ക്കാരിന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ട സാഹചര്യം ഉണ്ടായതിനെതുടര്‍ന്ന് നവംബര്‍ ആദ്യം ആര്‍ബിഐ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.