1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: വഴിയായ വഴിയെല്ലാം ഞണ്ടുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ക്രിസ്മസ് ദ്വീപിൽ. വീടിന്റെയും ഓഫീസിന്റെയും വാതിലുകളിൽ വരെ ഞണ്ടുകൾ. അക്ഷരാർത്ഥത്തിൽ ദ്വീപിനെ തന്നെ നിശ്ചലമാക്കിക്കളഞ്ഞു അവ. പടിഞ്ഞാറൻ ആസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലാണ് ഈ അപൂർവ്വ പ്രതിഭാസം.

വർഷാവസാനം കാട്ടിൽ നിന്ന് സമുദ്രതീരത്തേക്കുള്ള ഞണ്ടുകളുടെ കുടിയേറ്റമാണ് ക്രിസ്മസ് ദ്വീപില്‍ നടക്കുന്നത്. നൂറും ആയിരവുമല്ല, അഞ്ചു കോടി ചുവന്ന ഞണ്ടുകളാണ് തീരത്തേക്ക് കുടിയേറുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അനിമൽ മൈഗ്രേഷനാണ് ഇതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഞണ്ടുകള്‍ രംഗത്തിറങ്ങിയതോടെ ചിലയിടങ്ങളില്‍ റോഡുകളടച്ചു. ഭാഗിക ലോക്ക്ഡൌണും പ്രഖ്യാപിച്ചു!.

ഓരോ വർഷവും 50 ദശലക്ഷം ചുവന്ന ഞണ്ടുകൾ ഒക്ടോബർ-നവംബർ മാസങ്ങളിൽ സമുദ്രത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതേക്കുറിച്ച് പരിസ്ഥിതി സംഘടന പാർക്ക്‌സ് ആസ്‌ട്രേലിയ വക്താവ് പറയുന്നതിങ്ങനെ; ‘ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ടുകളുടെ കുടിയേറ്റം പൂർണ തോതിലെത്തിയാൽ, എല്ലായിടത്തും ഞണ്ടുകളായിരിക്കും. വീടിന്റെയും ഓഫീസിന്റെയും വാതിലിൽ വരെ.’

റോഡിന് സമാന്തരമായി ഞണ്ടുകൾക്ക് സഞ്ചരിക്കാൻ പ്രത്യേക പാതകൾ വരെ അധികൃതർ ഒരുക്കാറുണ്ട്. റോഡിന് കുറുകെ താൽക്കാലിക പാലവും നിർമിച്ചിട്ടുണ്ട്. ഞണ്ടുകളുടെ തോടിന് കട്ടിയുള്ളതു കൊണ്ടു തന്നെ വണ്ടിയുടെ ടയറുകൾ പഞ്ചറാകാൻ അതു ധാരാളം. ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷികളാകാൻ ലോകത്തുടനീളമുള്ള സഞ്ചാരികൾ ഈ മാസങ്ങളിൽ ദ്വീപിലെത്താറുമുണ്ട്.

ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളെ ആശ്രയിച്ചാണ് ഇവയുടെ യാത്രകൾ. ആൺ ഞണ്ടുകളാണ് തീരത്ത് ആദ്യമായി എത്തുന്നത്. പിന്നാലെ പെൺ ഞണ്ടുകളും. ആണുങ്ങൾ നേരത്തെയെത്തുന്നതിന് ഒരു കാരണമുണ്ട്. അവയാണ് തീരത്ത് താമസിക്കാനായി മാളങ്ങളുണ്ടാക്കുന്നത്. പിന്നീട് അവയിലേക്ക് പെൺഞണ്ടുകളെത്തും. മാളങ്ങളിലോ അതിനടുത്തോ വച്ച് ഇണ ചേരും. ഇണ ചേരാന്‍ മാത്രമാണ് അവര്‍ തീരത്തെത്തുന്നത് എന്നാണ് ഏറെ കൗതുകകരം.

ഇണചേരൽ കഴിഞ്ഞാൽ ആൺ ഞണ്ടുകൾ വീണ്ടും കാടു പിടിക്കും. പെണ്ണുങ്ങൾ രണ്ടാഴ്ച കൂടി മാളത്തിൽ തുടരും. ഈ കാലയളവിൽ അവ മുട്ടയിടുകയും അടയിരിക്കുകയും ചെയ്യുന്നു. അടയിരിക്കൽ കാലം തീരുമ്പോഴേക്കും വേലിയേറ്റമാകും. വേലിയേറ്റത്തിൽ പെൺ ഞണ്ടുകൾ മുട്ടകൾ സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്നു. അതോടെ പെണ്ണുങ്ങളുടെ ജോലി തീർന്നു. അവയും കൂട്ടത്തോടെ കാട്ടിലേക്ക് തിരികെ പോകുന്നു. കടലിൽ മൂന്നു നാല് ആഴ്ചകൾ പിന്നിടുമ്പോഴാണ് മുട്ടകൾ വിരിയുന്നത്.

വിരിഞ്ഞ കുഞ്ഞുങ്ങളുടെ പുറന്തോടിന് ബലം വയ്ക്കാൻ കുറച്ചു ദിവസങ്ങളെടുക്കും. ശരീരം പുഷ്ടിവയ്ക്കുന്നതോടെ ഇവയും കാട്ടിലേക്ക് യാത്രയാകും. ആദ്യത്തെ മൂന്നു വർഷം ഇവ കരിങ്കല്ലുകൾക്കിടയിലും താഴെ വീണ മരത്തടികൾക്കുമിടയിലാണ് ജീവിക്കുക. നാല്-അഞ്ചു വർഷം കൊണ്ടാണ് ഇവ ലൈംഗിക വളർച്ച പ്രാപിക്കുന്നത്. ഇതോടെ ഇവയും വാർഷിക കുടിയേറ്റത്തിന്റെ ഭാഗമാകും.

സമുദ്രത്തിലേക്കുള്ള അവയുടെ യാത്രയിലുമുണ്ട് കൗതുകങ്ങൾ. സാധാരണ ഗതിയിൽ ഇലകളും പഴങ്ങളും പൂക്കളും ഭക്ഷിക്കുന്ന ഞണ്ടുകൾ യാത്രയ്ക്കിടെ ഞണ്ടിൻ കുഞ്ഞുങ്ങളെയാണ് ഭക്ഷിക്കാറുള്ളത്. കാട്ടിൽ നിന്ന് യാത്രയാരംഭിക്കുന്ന പല കുഞ്ഞുങ്ങളും ജീവനോടെ സമുദ്രത്തിലെത്തില്ല എന്ന് ചുരുക്കം.

https://www.facebook.com/parksaustralia/videos/432128801685618/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.