സ്വന്തം ലേഖകൻ: ചെറിയ രോഗങ്ങളുടെ മറവിൽ ജിപിയെ കണ്ടും ഫോണിൽ സംസാരിച്ചും സർട്ടിഫിക്കറ്റ് വാങ്ങി ജോലിക്കു പോകാതെ വീട്ടീലിരുന്നു ശമ്പളം വാങ്ങുന്ന കള്ളത്തരങ്ങൾക്ക് അവസാനമാകുമോ? ജനങ്ങളുടെ നന്മയ്ക്കായി തുടങ്ങിയ ഇത്തരം സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ കർശന നടപടിയുണ്ടാകുമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്.
തനിക്ക് തുടർഭരണ ലഭിച്ചാൽ ബ്രിട്ടന്റെ ‘സിക്ക് നോട്ട് കൾച്ചർ’ അവസാനിപ്പിക്കുമെന്നാണ് ഋഷി സുനകിന്റെ വാഗ്ദാനം. ആരോഗ്യപ്രശ്ങ്ങൾമൂലം ജോലിയിൽനിനിന്നും മാറിനിൽക്കേണ്ട സാഹചര്യമുണ്ടോ എന്നത് സർട്ടിഫൈ ചെയ്യാനുള്ള അധികാരം ജിപികളിൽനിന്നും മറ്റി ‘വർക്ക് ആൻഡ് ഹെൽത്ത് പ്രഫഷണിൽ’ പ്രാവീണ്യം നേടിയവരെ ഏൽപിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ആനുകൂല്യങ്ങൾ പറ്റി ജീവിയ്ക്കുന്നത് ചിലർക്കെങ്കിലും ജീവിതശൈലിതന്നെയായി മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചു.
ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2024 ഫെബ്രുവരിയിൽ 2.8 മില്യൻ ആളുകളാണ് ബ്രിട്ടനിൽ വിവിധ അസുഖം മൂലം ജോലിയിൽനിന്നും വിട്ടുനിൽക്കുന്നത്. ഇത്കണ്ഠയും മാനസീക പിരിമുറുക്കവും മറ്റും അലട്ടുന്നതിന്റെ പേരിൽ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ശമ്പളത്തോടെ ജോലിയിൽനിന്നും വിട്ടുനിൽക്കുന്നത്.
ഗുരുതരമായ ഈ സ്ഥിതിവിശേഷത്തിൽനിന്നും കരകയറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറയുമ്പോഴും ജിപി അല്ലെങ്കിൽ പിന്നെ ആര് ഇതിന് നടപടിയെടുക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പ്രധാനമന്ത്രി നൽകുന്നില്ല. എൻഎച്ച്എസ് ഡേറ്റ പ്രകാരം കഴിഞ്ഞവർഷം 11 മില്യൻ സിക്ക് നോട്ടുകളാണ് ഇഷ്യൂചെയ്തത്. ഇതിൽ 94 ശതമാനവും ‘നോട്ട് ഫിറ്റ് ഫോർ വർക്ക്’ എന്ന് രേഖപ്പെടുത്തിയുള്ളതാണ്. ഇതിൽതന്നെ നല്ലൊരു ശതമാനം വ്യക്തമായ കൺസൾട്ടേഷൻ ഇല്ലാതെ നൽകിയ റിപ്പീറ്റ് നോട്ടുകളായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല