1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2016

സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും ബോട്ടപകടം, നൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരാഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി യൂറോപ്പിലേക്കു പോയ രണ്ടു ബോട്ടുകളാണ് മെഡിറ്ററേനിയനില്‍ മുങ്ങിയത്. അപകടത്തില്‍ നൂറോളം പേര്‍ മരിച്ചതായി സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ലിബിയന്‍ തീരത്താണ് സംഭവമെന്ന് ഇറ്റാലിയന്‍ നാവിക സേന വിഭാഗവും യൂറോപ്യന്‍ യൂനിയന്റെ നേവിയും അറിയിച്ചു. രണ്ടു ബോട്ടുകളിലുമായി ഏകദേശം 650 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. തീരത്തുനിന്ന് 48 കിലോമീറ്റര്‍ അകലെയാണ് ബോട്ടുകള്‍ മുങ്ങിയത്. നിരവധി പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ലിബിയന്‍ തീരത്ത് അഭയാര്‍ഥി ദുരന്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം, 30 പേരെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ ബോട്ടിലുണ്ടായിരുന്ന 500 ഓളം പേരെ രക്ഷപ്പെടുത്തിയിരുന്നു. അഭയാര്‍ഥികളുടെ യാത്രാ വഴിയില്‍ മാറ്റം വന്നതിനു ശേഷമാണ് അപകടം വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.

നേരത്തെ ഗ്രീസ് ലക്ഷ്യമാക്കി നീങ്ങിയിരുന്ന അഭയാര്‍ഥി ബോട്ടുകള്‍ കഴിഞ്ഞ രണ്ടാഴ്ചയായി ഇറ്റാലിയന്‍ തീരങ്ങളിലേക്കാണ് തിരിക്കുന്നത്. ഇറ്റലിയിലേക്കുള്ള അഭയാര്‍ഥി ഒഴുക്ക് 54 ശതമാനമായി വര്‍ധിക്കുകയും ഗ്രീസിലേക്കുള്ള വരവ് 67 ശതമാനം കുറയുകയും ചെയ്തു. കഴിഞ്ഞ മാസം തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് ഈ മാറ്റമെന്നാണ് കരുതുന്നത്.

അതിനിടെ, മെഡിറ്ററേനിയനിലെ അഭയാര്‍ഥി കടത്ത് നിയന്ത്രിക്കുന്നതിന് മേഖലയിലേക്ക് നേവിയുടെ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.