സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയതായി കേസ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു; ശബരിമല പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. ബിജെപി. നേതാവ് ബി. രാധാകൃഷ്ണമേനോനാണ് രഹ്ന ഫാത്തിമക്കെതിരെ പരാതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.
അതിനിടെ ശബരിമല വിഷയത്തില്‍ പോലീസിന്റെ പല നടപടികളിലും ഹൈക്കോടതിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 16ന് സന്നിധാനത്തെ മുറികള്‍ പൂട്ടി താക്കോല്‍ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തുമണിയോടെ അടയ്ക്കാനുമായിരുന്നു സര്‍ക്കുലറുകള്‍. അവ ആരുടെ നിര്‍ദേശപ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും കോടതി ചോദിച്ചു.
ദേവസ്വം ബോര്‍ഡിന് പോലീസ് നല്‍കിയ ഈ ഉത്തരവുകളെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. അഡ്വക്കേറ്റ് ജനറലിനെ(എ.ജി.) അറിയിച്ചിട്ടുമില്ല. ഇതിന്റെ പകര്‍പ്പ് കോടതിയാണ് എ.ജി.ക്കു കൈമാറിയത്. ഈ സാഹചര്യം പരിതാപകരമാണെന്ന് കോടതി കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല