1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോയിൽ വീണ്ടും വിദേശ നിക്ഷേപം. 7.7 ശതമാനം ഓഹരികളിലായി 33,737 കോടി രൂപയാണു ആഗോള ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ നിക്ഷേപിക്കുന്നത്. 43–ാം വാർഷിക പൊതുയോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22നു ശേഷം ജിയോയിലെ 14–ാം നിക്ഷേപമാണിത്.

നേരത്തെ ഫെയ്സ്ബുക്, സിൽവർ ലേക്ക്, ക്വാൾകോം തുടങ്ങിയ കമ്പനികളും ജിയോയിൽ നിക്ഷേപിച്ചിരുന്നു. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. ഈ നിലയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണു റിലയൻസ്. വിദേശ
നിക്ഷേപകരിൽനിന്നു മൂലധനസമാഹരണം നടത്തിയതോടെ കമ്പനി കടമില്ലാക്കമ്പനിയായി മാറിയെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസമാണു മുകേഷ് അംബാനി ലോക ധനികരില്‍ ആറാം സ്ഥാനം സ്വന്തമാക്കിയത്.

രാജ്യത്ത് വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും ചേർന്ന് ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി.

രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരംപ്രധാനംചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായിയും റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിച്ചു. ജിയോ പ്ലാറ്റ്‌ഫോമുമായുള്ള കൂട്ടുകെട്ട് അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.

ജിയോ ടിവി പ്ലസ് എന്ന പുതിയ കണ്ടന്റ് അഗ്രഗേറ്റര്‍ സേവനവും ജിയോ അവതരിപ്പിച്ചു. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ ഓവര്‍ ദി ടോപ് (ഒടിടി) പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാവും.

12 മുന്‍നിര ഒടിടി പ്ലാറ്റ് ഫോമുകള്‍ ജിയോ ടിവി പ്ലസില്‍ ലഭ്യമാവും. ഉപയോക്താക്കള്‍ക്ക് പരിപാടികളും സിനിമകളും വളരെ എളുപ്പത്തില്‍ തിരയാന്‍ സാധിക്കും. ഈ സേവനങ്ങള്‍ക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിന്‍ ചെയ്താല്‍ മതി. വോയ്‌സ് സെര്‍ച്ച് സൗകര്യവും ഇതിലുണ്ട്.

ക്‌സഡ് റിയാലിറ്റി സാങ്കേതിക വിദ്യയില്‍ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾക്കായി ജിയോ ഗ്ലാസ് എന്ന പുതിയ ഉപകരണവും റിലയന്‍സ് അവതരിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.