1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2020

സ്വന്തം ലേഖകൻ: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തിൽ ഇടംപിടിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. ധനകാര്യ സ്ഥാപനമായ ബ്ലൂംബർഗ് സൂചികയുടെ കണക്കുകൾ പ്രകാരം 4.9 ലക്ഷം കോടി രൂപയാണ് (64.6 ബില്യൺ ഡോളർ) മുകേഷ് അംബാനിയുടെ ആസ്തി. ഇതോടെ ഒറാക്കിൾ കോർപ് മേധാവി ലാറി എറിസൺ, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ് എന്നിവരെ പിന്തള്ളി അംബാനി ഒമ്പതാം സ്ഥാനത്തെത്തി. പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനാണ് മുകേഷ് അംബാനി.

റിലയൻസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. 11 ആഗോള നിക്ഷേപകരിൽനിന്ന് 1.15 ലക്ഷം കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസ് സമാഹരിച്ചത്. കഴിഞ്ഞ ദിവസം, റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. 2021 മാർച്ചിനുമുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നു.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. 160.1 ബില്യൺ ഡോളറാണ് ആസ്തി. രണ്ടാം സ്ഥാനം മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് (108.6 ബില്യൺ ഡോളർ). എൽ‌വി‌എം‌എച്ച് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് (102.8 ബില്യൺ ഡോളർ), ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ് (87.9 ബില്യണ്‍ ഡോളർ), വാരൻ ബഫെറ്റ് (71.4 ബില്യൺ ഡോളർ) എന്നിവരാണ് തുടർസ്ഥാനങ്ങളിൽ. ആദ്യ 100 സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിന്ന് അംബാനിയെ കൂടാതെ ഡിമാർട്ട് ഹൈപ്പർമാർക്കറ്റുകളുടെ സ്ഥാപകനായ രാധാകിഷൻ ദമാനി മാത്രമാണുള്ളത്. 16.2 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം 82–ാം സ്ഥാനത്താണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.