
സ്വന്തം ലേഖകൻ: ലണ്ടനില്‍ താമസച്ചെലവേറുന്നതായി റിപ്പോര്‍ട്ടുകള്‍. വീടുകളുടെ വാടകയിനത്തില്‍ വലിയൊരു തുക നല്‍കേണ്ടി വരുന്നതിനൊപ്പം വൈദ്യുതിനിരക്ക് വര്‍ധനവുള്‍പ്പെടെയുള്ള ചെലവുകളും ആഗോളനഗരത്തില്‍ സാധാരണജനജീവിതം ക്ലേശകരമാക്കുന്നതായാണ് റിപ്പോര്‍ട്ട്. മൂന്ന് ലക്ഷം രൂപ വരെ വീട്ടുടമകള്‍ വാടകയിനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വാടകത്തുക ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് സൂചന.
കഴിഞ്ഞ കൊല്ലത്തിന്റെ നാലാം പാദത്തില്‍ത്തന്നെ ലണ്ടനില്‍ വീടുകളുടെ വാടക രണ്ടര ലക്ഷം രൂപയെന്ന റെക്കോഡ് തുകയിലെത്തിയിരുന്നു. അതിനോടൊപ്പം തന്നെ നഗരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ വീടുകളുടെ വാടക മൂന്ന് ലക്ഷം രൂപ കടന്നതായും പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ കൊല്ലം ലണ്ടന്റെ പ്രാന്തപ്രദേശങ്ങളില്‍ വാടകപ്പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ കെട്ടിടങ്ങളുടെ വാടകയില്‍ ശരാശരി 9.7 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായും പ്രോപ്പര്‍ട്ടി പോര്‍ട്ടലായ റൈറ്റ്മൂവിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധനവ്- 9.9 ശതമാനം വരെ വാടകയിനത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. വാടകക്കാരെ വേഗത്തില്‍ ലഭിക്കുന്നതിനും തങ്ങളുടെ കെട്ടിടങ്ങള്‍ ദീര്‍ഘകാലം ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാനും വാടകക്കാര്‍ക്കുകൂടി സ്വീകാര്യമായ വിധത്തില്‍ വാടകത്തുക നിജപ്പെടുത്തണമെന്ന് റൈറ്റ്മൂവ് പ്രോപ്പര്‍ട്ടി സയന്‍സ് ഡയറക്ടര്‍ ടിം ബാന്നിസ്റ്റര്‍ പറയുന്നു.
വാടക വര്‍ധനവിനെ വരുമാനം ഉണ്ടാക്കാനുള്ള അധികമാര്‍ഗമായാണ് ചിലര്‍ കാണുന്നത്. ലണ്ടനിലെ ഒരു ബാങ്കര്‍ ഡാല്‍സ്റ്റണിലെ വസതിയില്‍ ആറ് കൊല്ലമായി ഉപയോഗിക്കാതെ ഇട്ടിരുന്ന രണ്ട് പാര്‍ക്കിങ് സ്‌പേസുകള്‍ വാടകയ്ക്ക് നല്‍കി ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കിയതായി മെട്രോ ന്യൂസ് ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുക മാത്രമാണ് കെട്ടിട ഉടമ ആകെ ചെയ്യേണ്ടത്. അതിനാകട്ടെ അധികച്ചെലവും ഇല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല