
സ്വന്തം ലേഖകൻ: സ്പോൺസർമാർ പോലുമില്ലാത്ത നിർധനരായ പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച എമർജൻസി റിപാട്രിയേഷൻ സ്കീം വഴി കൂടുതൽ പേർക്ക് സഹായം നൽകുമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ അർഹരായവർക്കാണ് ഈ സഹായം നൽകുന്നത്. കഴിയുന്നത്ര വേഗത്തിൽ സഹായം നൽകും. ഈ സംവിധാനത്തെ കുറിച്ച് പലർക്കും അറിയില്ല. പ്രവാസികളെ സഹായിക്കാൻ സംസ്ഥാന സർക്കാരും നോർക്കയും എപ്പോഴും മുൻകൈയെടുത്തിട്ടുണ്ട്. ഈ പദ്ധികൾ പ്രവാസികളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുബായിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നോർക്കയുടെ സഹായത്താൽ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് ചൈത്രത്തിൽ ശ്രീകുമാർ ധനപാലന്‍റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‍റെ കാർഗോ നിരക്ക് സംസ്ഥാന സർക്കാർ വഹിക്കുന്ന ‘ബോഡി റിപാട്രിയേഷൻ’ പദ്ധതി പ്രകാരമാണ് സഹായം നൽകിയത്.
യുഎഇയിൽ നിന്ന് ആദ്യമായാണ് എയർ അറേബ്യ വിമാനത്തിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തി മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ആംബുലൻസ് സംവിധാനവും നോർക്ക ഒരുക്കി.
‘ബോഡി റിപാട്രിയേഷൻ’ പദ്ധതി സംബന്ധിച്ച കരാറിൽ നോർക്ക റൂട്ട്സും വിമാനകമ്പനികളും ഒപ്പുവെച്ചിരുന്നെങ്കിലും ഇതേ കുറിച്ച് അറിവില്ലാത്തതിനാൽ പ്രവാസികൾ ഉപയോഗപ്പെടുത്തിയിരുന്നില്ല. കാർഗോ നിരക്കായ 1600 ദിർഹമാണ് (33000 രൂപ) നോർക്ക വഹിച്ചത്. എംബാമിങ് അടക്കം യുഎഇയിലെ നടപടിക്രമങ്ങൾക്കാവശ്യമായ തുക സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് സ്വരൂപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല