
സ്വന്തം ലേഖകൻ: ലണ്ടന്‍ മെട്രോ പോളിറ്റന്‍ പോലീസുകാര്‍ അങ്ങേയറ്റം ഹോമോഫോബിക്കും വംശ വെറിയും കൂടാതെ സ്ത്രീ വിരുദ്ധരുമാണെന്ന് റിപ്പോര്‍ട്ട്. ലണ്ടന്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് പോലീസ് പ്രകടിപ്പിക്കുന്ന ഉദാസീനതയുടെ കാരണം വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കൂടാതെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് .
34,000 ത്തിലധികം ജീവനക്കാരുള്ള ലണ്ടന്‍ നഗരത്തിന്റെ കാവലാളായ മെട്രോ പോലീസ് ഇനിയെങ്കിലും നിലപാട് മാറ്റിയില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട പോലീസ് സേന ജന വിരുദ്ധമായ നടപടികളാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സ്വീകരിച്ചു വരുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കേണ്ട പോലീസ് നിരന്തരം സ്ത്രീകള്‍ക്ക് നേരെ അതിക്രമം അഴിച്ചു വിടുകയാണ് . പോലീസ് സേനയിലെ സ്ത്രീകളായ ഉദ്യോഗസ്ഥരും ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു . ക്രമസമാധാനം പരിപാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവൃത്തികളേര്‍പ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് വ്യവസ്ഥിതിയില്‍ വിശ്വാസം നഷ്ടപ്പെടുകയാണെന്നും ഇത് സുരക്ഷാ ഭീഷണികള്‍ക്ക് വഴി തെളിയിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.
ഇത് കൂടാതെ വംശവെറിയും തികഞ്ഞ ഹോമോഫോബിക്ക് കാഴ്ച്പ്പാടും വച്ചു പുലര്‍ത്തുന്നവരാണ് പോലീസെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. 2021 ല്‍ ലണ്ടന്‍ പോലീസ് ഉദ്യേഗസ്ഥന്‍ ബലാത്സംഗം ചെയ്ത് കൊന്ന സാറാ എവറാഡിന്റെ മരണത്തോടെയാണ് ലണ്ടന്‍ പോലീസിനെതിരായുള്ള ജനവികാരം ബലപ്പെട്ടത്. പോലീസിലെ ഉദ്യോഗസ്ഥന്‍ തന്നെ നീതി നിഷേധിച്ച ഈ കൊലപാതകം പോലീസ് സേനയുടെ വീഴ്ച്ചയാണെന്നാണ് ലണ്ടനിലെ വിക്ടീം കമ്മീഷന്റെ ഓഫീസര്‍ ലൂയിസ് കേസിയുടെ വിലയിരുത്തല്‍.
ഇനിയുള്ള ദിവസങ്ങളില്‍ സേന എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയേണ്ടതുണ്ടെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ലണ്ടന്‍ പോലീസിനെതിരെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്നും അതേ സമയം പോലീസ് വ്യവസ്ഥിതിയെ മുഴുവനായി മുദ്ര കുത്തുന്നതിനോട് യോജിക്കാനാകില്ലെന്നുമാണ് മെട്രോ പോലീസ് കമ്മീഷന്റെ പ്രതികരണം.
മെട്രോ പോലീസിനെതിരെ ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല ഉന്നയിക്കപ്പെടുന്നത്. 1999 സ്റ്റീഫന്‍ ലോറന്‍സിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള നടപടികള്‍ മുതല്‍ ലണ്ടന്‍ പോലീസ് ആരോപണ നിഴലിലാണ് കഴിഞ്ഞത് . സൗത്ത് ഈസ്റ്റ് ലണ്ടനില്‍ ബസ് കാത്തിരുന്ന സ്റ്റീഫന്‍ ലോറന്‍സിനെ ഒരു സംഘം വെള്ളക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച് കൊലപ്പെടുത്തി. എന്നാല്‍ കുറ്റവാളികള്‍ വെള്ളക്കാരയതുകൊണ്ട് തന്നെ അവരെ സംരക്ഷിക്കാനുള്ള ശ്രമവും പോലീസ് നടപ്പിലാക്കിയിരുന്നു. പിന്നീട് പിടിയിലാവരെല്ലാം കുറ്റ വിമുക്തരായി .
മൂന്നു പേരെ തുടര്‍ച്ചയായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ സ്റ്റീഫന്‍ പോര്‍ട്ടിനെ പിടി കൂടുന്നതില്‍ പോലീസിനുണ്ടായ വീഴ്ച് ചൂണ്ടിക്കാണിച്ചായിരുന്നു ലണ്ടന്‍ പോലീസ് ഹോമോ ഫോബിക്കാണെന്ന ആരോപണം ഉയര്‍ത്തിയത്. ആവര്‍ത്തിക്കുന്ന പോലീസിന്റെ അനാസ്ഥകളില്‍ ജനങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട് കൂടാതെ ഇരകളുടെ ബന്ധുക്കള്‍ പോലീസ് സേനക്കെതിരെ രംഗത്തു വന്നതോടെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത് .
മെട്രോ പോലീസ് സമൂഹത്തില്‍ ക്രമസമാധാന പാലനം നടത്തുന്നതിനു പകരം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ഈ റിപ്പോര്‍ട്ടില്‍ മെട്രോ പോലീസ് പ്രശ്‌ന പരിഹാര മാര്‍ഗങ്ങളും വിശദീകരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല