
സ്വന്തം ലേഖകൻ: രാജ്യത്തിന്‍റെ സൈനിക ശേഷിയും സാംസ്കാരിക വൈവിധ്യവും വ്യക്തമാക്കി ഇന്ത്യ ഇന്ന് 71 -ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാജ്‌പഥിൽ അരങ്ങേറിയ പരേഡ് ഇന്ത്യന്‍ സൈനീക കരുത്തിന്‍റെ നേരടയാളമായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും ടാബ്ലോകളും സൈനിക വിഭാഗങ്ങളുടെ പ്രകടനവും പരേഡിൽ അണിനിരന്നു. ബ്രസീൽ പ്രസിഡന്‍റിനെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷം.
റിപ്പബ്ലിക് ദിന പരേഡില്‍ പുരുഷൻമാർ മാത്രമുള്ള സൈന്യത്തെ പരേഡില്‍ നയിച്ചത് 26 കാരിയായ ടാനിയ ഷേര്‍ഗില്‍. റിപ്പബ്ലിക് ദിന പരേഡ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് സൈന്യത്തെ വനിതാ ഓഫീസർ നയിക്കുന്നത്. ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു.
ആദ്യമായി സിആർപിഎഫിന്‍റെ വനിതാ ബൈക്ക് സംഘം പരേഡിൽ പ്രകടനം നടത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ കനത്ത സുരക്ഷാവലയത്തിലായിരുന്നു ചടങ്ങുകൾ. ആശയപരമായ എതിര്‍പ്പുകൾ അക്രമത്തിന്‍റെ പാതയിലേക്ക് പോകരുതെന്ന് രാഷ്ട്രപതി രാംനാഥ് കേവിന്ദ് റിപ്പബ്ളിക് ദിന സന്ദേശം നല്‍കി.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഷാഹീൻ ബാഗിൽ ത്രിവർണ്ണ പതാകയേന്തി ആയിരങ്ങളാണ് തെരുവിൽ അണിനിരന്നത്. ദേശീയ ഗാനം ആലപിച്ചും ഭരണഘടനാ ആമുഖം വായിച്ചും പ്രതിഷേധക്കാർ റിപബ്ലിക് ദിനം ആഘോഷിച്ചു. ഡല്‍ഹി ഓഖ്ലയില്‍ ആള്‍ക്കൂട്ടം കൊല്ലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മ സൈറ ബാനുവും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയും ചേര്‍ന്നാണ് ഷാഹീന്‍ ബാഗില്‍ ദേശീയ പതാക ഉയര്‍ത്തിയത്.
പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിന്റെ തുടക്കം മുതൽ ഷാഹീൻ ബാഗ് തെരുവിലാണ്. സ്ത്രീകളുടെ നേതൃത്വത്തിൽ തുടർച്ചയായി നടക്കുന്ന ഷാഹീൻ ബാഗ് സമരത്തിന് വ്യാപക പിന്തുണയാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ചത്. അതിനിടെ, ഡിസംബർ പതിനഞ്ച് മുതൽ പ്രതിഷേധം നടക്കുന്ന ഷാഹീൻ ബാഗ് – കാളിന്ദീഗുഞ്ച് പാത തുറക്കുന്നതിന് വേണ്ട നടപടികൾ കെെകൊള്ളണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ഹരജി ഫയൽ ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല