1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 20, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

2000ത്തിന്റെ നോട്ടുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് നിര്‍ത്തണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 2000ത്തിന്റെ നോട്ടുകള്‍ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളില്‍നിന്ന് മാറ്റാം. മേയ് 23 മുതല്‍ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കും. 2023 സെപ്റ്റംബര്‍ 30 വരെ 2000-ത്തിന്റെ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകള്‍ സൗകര്യം ഒരുക്കും.

2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ. അറിയിച്ചു. ‘2000-ത്തിന്റെ നോക്കുകള്‍ അവതരിപ്പിച്ചതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. മറ്റുനോട്ടുകള്‍ നിലവില്‍ യഥേഷ്ടം ലഭ്യമാണ്. അതുകൊണ്ട് 2000-ത്തിന്റെ നോട്ടുകളുടെ അച്ചടി 2018-19 ല്‍ നിര്‍ത്തിവച്ചു’ – ആര്‍.ബി.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നോട്ട് നിരോധത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കള്ളപ്പണം തടയുക, ഭീകരവാദം അമര്‍ച്ചചെയ്യുക എന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്നാണ് അന്ന് പറയപ്പെട്ടിരുന്നത്. രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോട്ട് നിരോധനത്തിനുശേഷം അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.