1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2023

സ്വന്തം ലേഖകൻ: അമേരിക്കൻ ബാങ്കുകളുടെ തകര്‍ച്ച ഇന്ത്യയെ ബാധിക്കുകയില്ലെന്നും ഇന്ത്യന്‍ ബാങ്കുകൾ ശക്തമാണെന്നും റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കൊച്ചിയിൽ ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ.പി. ഹോര്‍മിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ ബാങ്കുകളിലുണ്ടായ തകര്‍ച്ച അവരുടെ ആഭ്യന്തര കാര്യമാണ്. അത് പരിഹരിക്കാന്‍ അവര്‍ക്കു കഴിയുമെന്നും ദാസ് പറഞ്ഞു.

വായ്പ–നിക്ഷേപ രംഗങ്ങളിൽ സംന്തുലിതമായ വളർച്ചയ്ക്ക് പകരം ഏതെങ്കിലും ഒന്നിൽ മാത്രം പ്രകടമായ മുന്നേറ്റമുണ്ടാകുന്നത് ആശങ്കയുണർത്തുന്ന കാര്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ റിസ്ക് മാനേജ്മെന്റ് നടത്തുന്നതിൽ ബാങ്കുകൾ ശ്രദ്ധിക്കണം.

കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കൻ ബാങ്കുകളിലുണ്ടായിട്ടുള്ള ആശങ്കകൾക്ക് പ്രധാന കാരണം ഇത്തരത്തിൽ നിക്ഷേപ– വായ്പമേഖലകളിൽ അസംന്തുലിതാവസ്ഥയുണ്ടായതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് ഏൽപ്പിച്ച ആഘാതം എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല. അതിനു ശേഷം റഷ്യ– യുക്രെയ്ൻ യുദ്ധം. ഇതു പോലെയുള്ള അപ്രതീക്ഷിത റിസ്കുകൾ കൈകാര്യം ചെയ്യാൻ ബാങ്കുകൾ സജ്ജമായിരിക്കണം.

വിരൽ തുമ്പിൽ ബാങ്കിങ് നടക്കുന്ന ഇക്കാലത്ത് എല്ലാ രാജ്യങ്ങളും ഈ ദിശയിൽ ഒരുമിച്ച് മുന്നേറാനുള്ള തയാറെടുപ്പിലാണ്. ഇക്കാലത്ത് കൂടുതല്‍ നിക്ഷേപം നേടി ഇന്ത്യന്‍ ബാങ്കുകള്‍ അടിത്തറ സുശക്തമാക്കിയത് നേട്ടമാണ്. പല രാജ്യങ്ങളുടെയും ആഭ്യന്തര വളര്‍ച്ച പിന്നോട്ടുപോയത് രാജ്യാന്തര തലത്തിലുണ്ടായ തിരിച്ചടികള്‍ മൂലമാണ്.

പണപ്പെരുപ്പംമൂലം ലോകസമ്പദ്ഘടന വലിയ തിരിച്ചടികള്‍ നേരിടുകയാണ്. നിലവില്‍ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെങ്കിലും അത് രൂക്ഷമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയിലും ഇന്ത്യയുടെ വളര്‍ച്ച ഏഴുശതമാനമായിരിക്കുമെന്നും ഇത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കരുതല്‍ ധനത്തിന്റെ കാര്യത്തില്‍ ഇതര രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നത് മഹത്തരമായ കാര്യമാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ അത്ര ശക്തമാണെന്നതിന് മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാനില്ലെന്നും ദാസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.