1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2021

സ്വന്തം ലേഖകൻ: വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർക്കു സ്ഥിരവരുമാനം ഉറപ്പാക്കാനുള്ള പുനരധിവാസ, സ്വയംതൊഴിൽ സംരംഭകത്വ പദ്ധതിയുമായി സംസ്ഥാന സർക്കാരിനു കീഴിലുള്ള നോർക്ക റൂട്സ്. കുറഞ്ഞതു 2 വർഷമെങ്കിലും വിദേശത്തു തൊഴിൽ ചെയ്തവർക്കു 30 ലക്ഷം വരെയുള്ള സ്വയംതൊഴിൽ സംരംഭകത്വ പദ്ധതികൾക്കായി വായ്പ ലഭ്യമാക്കുന്നതാണു നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് ഇമിഗ്രന്റ്സ് (എൻഡിപിആർഇഎം) പദ്ധതി.

വിദേശരാജ്യങ്ങളിൽ കുറഞ്ഞതു 2 വർഷമെങ്കിലും തൊഴിൽ ചെയ്ത ശേഷം വീസ റദ്ദാക്കി നാട്ടിലേക്കു മടങ്ങിയെത്തിയവർക്ക് വായ്പ്ക്കായി അപേക്ഷിക്കാം. വായ്പ എടുക്കുന്ന കാലയളവിൽ വിദേശരാജ്യങ്ങളിലേക്കു പോകില്ലെന്ന സത്യവാങ്മൂലം എഴുതി ഒപ്പിട്ടു കൊടുക്കേണ്ടി വരും. വിദേശത്തെ തൊഴിൽ അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയവർ ചേർന്നു തുടങ്ങുന്ന സൊസൈറ്റി, ട്രസ്റ്റ്, കമ്പനികൾ എന്നിവയ്ക്കും വായ്പക്ക് അർഹതയുണ്ട്.

സ്വയം തൊഴിൽ സംരംഭത്തിനു പരമാവധി ലഭിക്കുന്ന വായ്പ 30 ലക്ഷം വരെ. നോർക്കയുടെ മാർഗനിർദേശപ്രകാരം ബാങ്കുകളാണു വായ്പ നൽകുന്നത്. വായ്പാ നിരക്ക്, വായ്പാ കാലയളവ്, യോഗ്യത, ജാമ്യവ്യവസ്ഥ തുടങ്ങിയവ ബാങ്കുകളാണു തീരുമാനിക്കുക. 20 ലക്ഷമോ അതിനു താഴെയോ മൂലധന നിക്ഷേപം ആവശ്യമായ സംരംഭങ്ങൾക്കു 15% വരെ നോർക്ക റൂട്സിന്റെ ക്യാപിറ്റൽ സബ്സിഡി ലഭിക്കും.

ആദ്യ നാലു വർഷം ബാങ്ക് ഈടാക്കുന്ന പലിശയുടെ 3% നോർക്ക നൽകും. തിരിച്ചടവ് കൃത്യത ഉൾപ്പെടെയുള്ളവ വിലയിരുത്തി നോർക്ക നൽകുന്ന റിപ്പോർട്ടിനെ തുടർന്നാണു സബ്സിഡി ലഭ്യമാക്കുക. അവസാന ഘട്ടത്തിലാണു സബ്സിഡി ലഭിക്കുക. വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ, തിരിച്ചടവ് ക്രമപ്പെടുത്തിയ ശേഷം മാത്രമേ സബ്സിഡി ലഭിക്കൂ.

ഈ പദ്ധതിയിൽ 10 ലക്ഷമോ അതിൽ താഴെയോ തുക ആവശ്യമായ സംരംഭങ്ങൾക്കു ചില ബാങ്കുകൾ ജാമ്യമില്ലാതെ വായ്പ ലഭ്യമാക്കുന്നുണ്ട്. വായ്പ എടുക്കുന്നവരുടെ തിരിച്ചടവു കൃത്യതാശേഷി വിവരം ഉൾപ്പെടുന്ന സിബിൽ സ്കോർ വിലയിരുത്തിയാണ് ഈ ഇളവു നൽകുക. ഓൺലൈൻ ടാക്സി, ഹോംസ്റ്റേ, ഫാം, കോഴി വളർത്തൽ, മത്സ്യക്കൃഷി, പ്രവാസി സ്റ്റാർ, വ്യാപാര–വാണിജ്യ ബിസിനസ് സംരംഭകൾ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയിൽ വായ്പ തേടാം.

പാസ്പോർട്ടിന്റെ പകർപ്പ് (പിഡിഎഫ് ഫോർമാറ്റ്), റദ്ദാക്കിയ (കാൻസൽ) വീസയുടെ പകർപ്പ് (പിഡിഎഫ് ഫോർമാറ്റിൽ), ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ ബിസിനസ് പ്രോജക്ട് റിപ്പോർട്ട് – പിഡിഎഫ് ഫോർമാറ്റിൽ (പ്രവാസികൾ തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തെക്കുറിച്ചുള്ള വിവരണം, ആവശ്യമായ തുക ഉൾപ്പെടെയുള്ളവ. ഇതു വെള്ളപ്പേപ്പറിൽ തയാറാക്കി പ്രവാസികൾക്കു സ്വയം സമർപ്പിക്കാം), സംരംഭകന്റെ ഫോട്ടോ (ജെപിജി, പിഎൻജി ഫോർമാറ്റ്) എന്നിവയാണ് ആവശ്യമായ രേഖകൾ. norkaroots.org എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പർ: 18004253939 (ഇന്ത്യയിൽനിന്ന്), 00918802012345 (വിദേശത്തുനിന്ന്).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.