സ്വന്തം ലേഖകന്‍: ലോക സമ്പത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും 2030 ആവുമ്പോഴേക്കും ഒരു ശതമാനം സമ്പന്നര്‍ കൈക്കലാക്കുമെന്ന് മുന്നറിയിപ്പ്. ഈ കേന്ദ്രീകരണം വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പൊതുസഭാ (ഹൗസ് ഓഫ് കോമണ്‍സ്) ലൈബ്രറിയുടെ പഠനം വ്യക്തമാക്കുന്നു.
പൊതുസഭാ ലൈബ്രറിയെ പഠനത്തിനു നിയോഗിച്ച മുന്‍ ബ്രിട്ടീഷ് ലേബര്‍ മന്ത്രി ലിയാന്‍ ബേണ്‍ സമ്പദ് കേന്ദ്രീകരണം ഉണ്ടാക്കുന്ന കടുത്ത പ്രത്യാഘാതങ്ങള്‍ വന്‍പൊട്ടിത്തെറികള്‍ക്ക് കാരണമകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. വരുമാനത്തിലുള്ള വന്‍ അന്തരവും അതുവഴി സമ്പന്നര്‍ കൈവരിച്ച സമ്പാദ്യശേഷിയുമാണ് സമ്പദ് കേന്ദ്രീകരണത്തിന് വഴിതെളിച്ചതെന്ന് പഠനം വ്യക്തമാക്കുന്നു.
അത് ആസ്തികള്‍ ക്രമാതീതമായി കുന്നുകൂടുന്നതിനും ഓഹരികള്‍ വാരിക്കൂട്ടുന്നതിനും അതുവഴി കൂടുതല്‍ അസന്തുലിത സാമ്പത്തിക നേട്ടങ്ങള്‍ക്കും കാരണമായി. അതിസമ്പന്നര്‍ ഗവണ്‍മെന്റുകളുടെ നയങ്ങളെ നിയന്ത്രിക്കുന്നു. അതിന് അഴിമതി മുഖ്യ ആയുധമായി മാറുന്നതായും പഠനം വിശദീകരിക്കുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സമ്പദ് കേന്ദ്രീകരണത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്.
2017 ജനുവരിയില്‍ ദാവോസ് സാമ്പത്തിക ഉച്ചകോടിക്കായി ലണ്ടന്‍ ആസ്ഥാനമായുള്ള ആഗോള ഗവണ്‍മെന്റേതര സംഘടന ‘ഓക്‌സ്ഫാം’ നടത്തിയ പഠനം ലോകജനസംഖ്യയില്‍ പകുതിയിലധികം വരുന്ന 360 കോടി ജനങ്ങളുടെ മൊത്തം ആസ്തിക്ക് തുല്യമായ സമ്പത്ത് എട്ട് അതിസമ്പന്നരുടെ കൈകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല