
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ 100 ദിവസം തികച്ച് റിഷി സുനാക്. സമ്പദ് വ്യവസ്ഥ താറുമാറാക്കിയാണ് ലിസ് ട്രസ് ഇറങ്ങിപ്പോയത്. ഇപ്പോള്‍ ബ്രിട്ടനിലെ സമ്പദ് മേഖലയില്‍ സ്ഥിരത തിരിച്ചെത്തിച്ച് പ്രതിസന്ധികളില്‍ നിന്നും രാജ്യത്തെ കരകയറ്റാനുള്ള പോരാട്ടത്തിലാണ് സുനാക്.
രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് കയറിവരേണ്ടത് തന്റെ ‘ധര്‍മ്മമായാണ്’ കരുതിയതെന്ന് ഡൗണിംഗ് സ്ട്രീറ്റില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നല്‍കിയ അഭിമുഖത്തില്‍ സുനാക് വ്യക്തമാക്കി.
ബ്രിട്ടന്റെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി 100 ദിവസം തികച്ചുവെന്നത് തന്നെ അഭിമാനകരമായ നേട്ടമാണ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കും, മുന്‍ഗാമി ലിസ് ട്രസിന്റെ 45 ദിവസത്തെ കാലയളവിനും ശേഷം ഈ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറായത് എന്ത് കൊണ്ടെന്നാണ് പിയേഴ്‌സ് മോര്‍ഗന്‍ ടോക്ക് ടിവി അഭിമുഖത്തില്‍ ചോദിച്ചത്.
‘എന്നെ സംബന്ധിച്ച് ഇതെന്റെ ഡ്യൂട്ടിയാണ്. ഹിന്ദുത്വത്തില്‍ ധര്‍മ്മം എന്നൊരു ആശയമുണ്ട്. ഡ്യൂട്ടി എന്നര്‍ത്ഥം വരുന്ന കാര്യം. നിങ്ങള്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ചെയ്യുക, ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക എന്നിവയാണ് ഇതില്‍ വരുന്നത്’, സുനാക് മറുപടി നല്‍കി.
ഇത് ദുഃസ്വപ്‌നം പോലൊരു ജോലിയാണെങ്കിലും, എനിക്ക് ഒരു വ്യത്യാസം കൊണ്ടുവരാന്‍ കഴിയുമെന്ന് തോന്നി, മോര്‍ട്ട്‌ഗേജ് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന അനുഭവങ്ങള്‍, ഇതെല്ലാം കണ്ടുകൊണ്ടാണ് ഞാന്‍ വെല്ലുവിളി നേരിടാന്‍ മുന്നിട്ടിറങ്ങിയത്. സേവനത്തില്‍ ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു, രാജ്യത്തിനായി മാറ്റം കൊണ്ടുവരാമെന്നും കരുതുന്നു, അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല