
സ്വന്തം ലേഖകൻ: റുവാണ്ടന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വന്തം പാര്‍ട്ടിക്കുള്ളിലെ തീവ്ര വലതു അനുഭാവികള്‍ ഉയര്‍ത്തിയ കലാപത്തെ തന്റെ നയചാരുതികൊണ്ട് ഋഷി സുനക് പരാജയപ്പെടുത്തി. ഈ നിയമത്തെ ഇല്ലാതെയാക്കാന്‍ എം പിമാര്‍ തുടര്‍ന്നും ശ്രമിക്കുമെന്നതിനാല്‍ പുതുവത്സര ദിനത്തില്‍ വീണ്ടും ഒരു പടക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍.
ഏതാണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആശങ്കകള്‍ക്കും ശ്രമങ്ങള്‍ക്കും ഒടുവില്‍ റുവാണ്ടന്‍ പദ്ധതി പാര്‍ലമെന്റില്‍ 269 ന് എതിരെ 313 വോട്ടുകള്‍ക്ക് അംഗീകരിക്കപ്പെട്ടു. 44 വോട്ടിന്റെ ഭൂരിപക്ഷമാണ് ബില്ലിന് ലഭിച്ചത്. റുവാണ്ടയിലെക്ക് അഭയാര്‍ത്ഥികളെ കയറ്റി വിടുന്നതിനെതിരെ സുപ്രീം കോടതി കഴിഞ്ഞ മാസം വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പിള്‍ ഓഫ് സേഫ്റ്റി ഓഫ് റുവാണ്ട ബില്‍ കൊണ്ടുവന്നത്.
എന്നാല്‍, തങ്ങളുടെ ഉപാധികളും, തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികളും ബില്ലില്‍ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ പുതുവത്സരത്തില്‍ ഈ നിയമത്തെ ഇല്ലാതെയാക്കുമെന്ന് ഋഷി വിരുദ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍, ഇത് ഒരു കേവല വിജയമല്ല, വന്‍ വിജയമാണെന്നാണ് ഋഷിയുടെ ക്യാമ്പ് അവകാശപ്പെടുന്നത്. പ്രതീക്ഷിച്ചതിലും കുറവ് എതിര്‍പ്പ് മാത്രമെ നേരിടേണ്ടി വന്നുള്ളു എന്നും അവര്‍ പറയുന്നു.
വോട്ടിംഗിനുള്ള സമയം അടുത്തതോടെ ഫൈവ് ഫാമിലീസ് എന്നറിയപ്പെടുന്ന വലതു വിഭാഗത്തില്‍ പെട്ട എം ;പിമാര്‍ ബില്ലിനെ എതിര്‍ക്കുമെന്ന് ഋഷിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആരും തന്നെ ബില്ലിനെ നേരിട്ട് എതിര്‍ത്തില്ല. മറിച്ച് ഭാവിയില്‍ ഒരു ഭേദഗതിക്കുള്ള അവസരം ഒരുക്കിക്കൊണ്ട് അവര്‍ വോട്ടിംഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, വോട്ടിംഗില്‍ നിന്നും മാറി നിന്നവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ അനുമതി ഇല്ലായിരുന്നു എന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെയെങ്കില്‍, സമീപ ഭാവിയില്‍ കൂടുതല്‍ ടോറി വിമതര്‍ ചര്‍ച്ചകളില്‍ സ്വരം ഉയര്‍ത്തിയേക്കാനുള്ള സധ്യതയാണ് ഇത് കാണിക്കുന്നത്.
എന്നാല്‍, എതിര്‍പ്പുമൂലം വോട്ടിംഗില്‍ നിന്നും വിട്ടു നിന്ന എം പിമാര്‍ എത്രയെന്നതിന് വ്യക്തമായ കണക്കില്ല. രോഗം പോലുള്ള കാരണങ്ങളാല്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നവരും കൂട്ടത്തിലുണ്ട്. 29 ടോറി വോട്ടുകള്‍ സര്‍ക്കാരിന് എതിരെ വരികയോ അല്ലെങ്കില്‍ 57 പേര്‍ വിട്ടു നില്‍ക്കുകയോ ചെയ്തല്‍ മാത്രമെ സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ ഇല്ലാതെയാക്കാന്‍ കഴിയുകയുള്ളു. അഞ്ച് സ്വതന്ത്ര എം പിമാര്‍ പക്ഷെ ഈ ബില്ലിനെ അനുകൂലിച്ചത് സര്‍ക്കാരിന് വലിയൊരു ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല