1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2023

സ്വന്തം ലേഖകൻ: ചെലവു ചുരുക്കണമെന്ന് പറയുന്ന റിഷി സുനാക് ഒരാഴ്ചക്കിടെ സ്വകാര്യ ജെറ്റിൽ പറക്കാൻ പൊടിച്ചത് 5 ലക്ഷം യൂറോ. കഴിഞ്ഞ വര്‍ഷം ഒരാഴ്ചയ്ക്കിടെ സ്വകാര്യ ജെറ്റുകളിലെ യാത്രയ്ക്കായി 5 ലക്ഷം യൂറോ റിഷി ചെലവഴിച്ചെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്തിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി27) പങ്കെടുക്കാന്‍ സുനക് സ്വകാര്യ ജെറ്റില്‍ പറന്നതിനു മാത്രം 1.08 ലക്ഷം യൂറോ സര്‍ക്കാര്‍ ചെലവഴിച്ചു. നവംബര്‍ ആറിന് പോയ പ്രധാനമന്ത്രി പിറ്റേന്ന് തിരിച്ചെത്തിയിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷ ഇന്തൊനേഷ്യയിലെ ബാലിയില്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 3.40 ലക്ഷം യൂറോയെും ചെലവഴിച്ചു. ഡിസംബറില്‍, ലാറ്റ്വിയയിലും, എസ്റ്റോണിയയിലും സന്ദര്‍ശിച്ചതിന് 62,498 യൂറോയും വ്യക്തിഗത ചെലവായി 2500 യൂറോയും ചെലവഴിച്ചതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താമസം, ഭക്ഷണം, വീസ തുടങ്ങിയ മറ്റുചെലവുകള്‍ക്കായി 20,000 യൂറോയും ചെലവഴിച്ചു. പ്രധാനമന്ത്രിക്ക് ഒപ്പം സഞ്ചരിച്ച ഉദ്യോഗസ്ഥരുടെ ചെലവുകള്‍ ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല. യുകെ സര്‍ക്കാരിന് വേണ്ടി ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകള്‍ പറത്തുന്ന ടൈറ്റന്‍ എയര്‍വെയ്സിന്റെ എയര്‍ ബസ് എ-321 ലാണ് റിഷി സുനക് ഈ യാത്രകളെല്ലാം നടത്തിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജീവിത ചെലവേറിയതോടെ ജനങ്ങള്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുമ്പോള്‍, പ്രധാനമന്ത്രി നികുതിദായകരുടെ പണം പാഴാക്കിയത് ഞെട്ടിക്കുന്നതാണെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. അതേസമയം, ലോകനേതാക്കളുമായുള്ള നിര്‍ണായക യോഗങ്ങള്‍ക്കാണ് റിഷി സുനക് യാത്ര ചെയ്തതെന്നാണ് ഡൗണിങ് സ്ട്രീറ്റിന്റെ വിശദീകരണം. ഉച്ചകോടികളിലും, ഉഭയകക്ഷി സന്ദര്‍ശനങ്ങളിവും, സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ചുമതലയില്‍ പെടുന്നതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

റിഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂര്‍ത്തിക്ക് പരോക്ഷമായി നേട്ടമുണ്ടാക്കാന്‍ കഴിയുന്ന സമീപകാല ബജറ്റ് നയത്തിന്റെ പേരിലും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ശിശുസംരക്ഷണ സ്ഥാപനമായ കോറു കിഡ്സ് ലിമിറ്റഡില്‍ അക്ഷത മൂര്‍ത്തിക്കും ഓഹരി പങ്കാളിത്തമുണ്ട്. ഈ മാസാദ്യം ബജറ്റില്‍ കൊണ്ടുവന്ന പൈലറ്റ് പദ്ധതി അക്ഷതയുടെ സ്ഥാപനത്തിന് നേട്ടമുണ്ടാക്കാന്‍ കൊണ്ടുവന്നതാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.