1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2022

സ്വന്തം ലേഖകൻ: നേതൃപോരാട്ടത്തില്‍ ആദ്യം തോല്‍വിയും പിന്നീട് നാടകീയമായി പ്രധാനമന്ത്രി കസേരയിലെ എത്തുകയും ചെയ്ത ഋഷിഋഷി സുനാക് ആദ്യ അഭിമുഖത്തില്‍ മനസ് തുറന്നു. താന്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നില്ലെന്നും, കടുപ്പമേറിയ നേതൃപോരാട്ടത്തില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇതില്‍ നിന്നും മാറി സഞ്ചരിക്കാന്‍ ഒരുങ്ങിയെന്നും സുനാക് വ്യക്തമാക്കി.

ആദ്യത്തെ തോല്‍വിയോടെ ഇനിയെന്തെന്ന് ആലോചിച്ച് ഇരിക്കവെയാണ് രണ്ടാമത്തെ അവസരം ലഭിച്ചത്. ആ ഘട്ടത്തില്‍ നിലയുറപ്പിച്ച് നില്‍ക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് തോന്നിയെന്നും 42-കാരനായ പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം ആദ്യമായി ടൈംസിന് അഭിമുഖം നല്‍കിയപ്പോഴാണ് പ്രധാനമന്ത്രി മനസ്സ് തുറന്നത്.

ലിസ് ട്രസിന്റെ ടാക്‌സ് കട്ടുകള്‍ മൂലം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മേലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം സമ്മതിച്ചു. ബുദ്ധിമുട്ടേറിയ സാമ്പത്തിക അവസ്ഥയില്‍ നിന്നും രാജ്യത്തെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി സുനാക് വ്യക്തമാക്കി. അക്കാര്യത്തില്‍ തന്റെ ട്രാക്ക് റെക്കോര്‍ഡ് വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

‘പാര്‍ലമെന്റിലെ സഹഎംപിമാരില്‍ നിന്നുള്ള ശക്തമായ പിന്തുണയും, ഈ ജോലിക്ക് പറ്റിയ മികച്ച വ്യക്തിയായി ഞാന്‍ സ്വയം കണക്കാക്കുന്നതായും അദ്ദേഹത്തോട് തുറന്നുപറഞ്ഞു. ബോറിസിനൊപ്പം നല്ലൊരു സമയം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്, അദ്ദേഹത്തോട് ആദരവും, ബഹുമാനവുമുണ്ട്. ഇത് പരസ്പരം ഉള്ള കാര്യമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

നം.10ല്‍ തന്റെ ആദ്യ ഔദ്യോഗിക ഈവന്റായി ദീപാവലി ആഘോഷിക്കാന്‍ കഴിഞ്ഞത് ഏറെ ആഹ്ലാദിപ്പിച്ച സംഭവമായെന്ന് പ്രധാനമന്ത്രി സുനാക് വ്യക്തമാക്കി. ഉയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സത്യസന്ധമായി, കാര്യങ്ങള്‍ നടപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, പണപ്പെരുപ്പമെന്ന ഒന്നാം നമ്പര്‍ ശത്രുവിനെ ഒതുക്കാനുള്ള പണികള്‍ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. കഴിഞ്ഞ മാസമാണ് തന്നെ തോല്‍പ്പിച്ച ലിസ് ട്രസിന്റെ പിന്‍ഗാമിയായി സുനാക് പ്രധാനമന്ത്രി പദത്തിലെത്തിയത്. 46 ദിവസം കൊണ്ട് ഭരണവും, സാമ്പത്തിക പ്രശ്‌നങ്ങളും കുഴപ്പത്തിലാക്കിയതോടെയാണ് ട്രസിന് രാജിവെയ്‌ക്കേണ്ടി വന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.