1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2022

സ്വന്തം ലേഖകൻ: സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരന് സര്‍വീസാനന്തര സേവനങ്ങളും ശമ്പള കുടിശ്ശികയും എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കണമെന്ന വിധിയുമായി റിയാദ് ലേബര്‍ കോടതി. പണമൊന്നും ഈടാക്കാതെ സൗജന്യമായി സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സ്വകാര്യ സ്ഥാപനത്തിന് കോടതി നിര്‍ദ്ദേശം നല്‍കി. തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കാനുള്ള കമ്പനിയുടെ ന്യായീകരണങ്ങള്‍ എന്തു തന്നെയായാലും തൊഴിലാളിക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന ഒന്നും സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തരുതെന്നും കോടതി ഉത്തരവിട്ടു.

തങ്ങളുടെ ബ്രാഞ്ചുകളില്‍ ഒന്ന് അടച്ചുപൂട്ടിയെന്ന് കാണിച്ച് കമ്പനി തന്റെ സര്‍വീസ് ആനുകൂല്യവും വേതനത്തില്‍ ഒരു ഭാഗവും സര്‍വീസ് സര്‍ട്ടിഫിക്കറ്റും നല്‍കാതെ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി വാദിച്ച് ജീവനക്കാരന്‍ നല്‍കിയ പരായിയിലാണ് റിയാദ് ലേബര്‍ കോടതിയുടെ ഉത്തരവ്. കോടതി ആവശ്യപ്പെട്ടിട്ടും കേസ് വിചാരണക്ക് കമ്പനി പ്രതിനിധി ഹാജരാവാത്ത സാഹചര്യത്തിലാണ് കമ്പനിയുടെ വാദം കേള്‍ക്കാതെ തന്നെ കോടതി ജീവനക്കാരന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിച്ച് ഉത്തരവിട്ടത്.

തന്നെ കാരണമില്ലാതെ അന്യായമായാണ് പിരിച്ചുവിട്ടതെന്നും ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ നിയമപരമായി ലഭിക്കേണ്ട ഗ്രാറ്റുവിറ്റിയോ നഷ്ടപരിഹാരമോ കമ്പനി നല്‍കിയില്ലെന്നും സര്‍വീസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കമ്പനി കൂട്ടാക്കുന്നില്ലെന്നും ജീവനക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.

ജീവനക്കാരന്റെ പരാതിയില്‍ ഹാജരാവണമെന്ന് കാണിച്ച് ജുഡീഷ്യല്‍ സേവനങ്ങള്‍ക്കായുള്ള പോര്‍ട്ടലായ നാജിസ് സെന്റര്‍ വഴി കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി പ്രതികരിച്ചില്ല. ഇതേത്തുടര്‍ന്ന് തന്റെ വാദങ്ങള്‍ക്ക് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനി ജീവനക്കാരനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തന്റെ വാദം സാധൂകരിക്കാന്‍ കമ്പനിയുടെ മാനവശേഷി ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസ് തൊഴിലാളി കോടതിയില്‍ ഹാജരാക്കി. അന്യായമായി പിരിച്ചുവിട്ടതിന് നഷ്ടപരിഹാരം എന്നോണം തൊഴില്‍ നിയമത്തിലെ 77 ാം വകുപ്പ് അനുശാസിക്കുന്നതു പ്രകാരം രണ്ടു മാസത്തെ വേതനത്തിന് തുല്യമായ തുക ലഭിക്കണമെന്നും തൊഴിലാളി കോടതിയില്‍ ആവശ്യപ്പെട്ടു.

ജീവനക്കാരന്റെ വാദം അംഗീകരിച്ച കോടതി, പരാതിക്കാരന് കമ്പനി വേതന കുടിശ്ശിക വിതരണം ചെയ്യണമെന്നും നിയമം അനുശാസിക്കുന്ന സര്‍വീസ് ആനുകൂല്യങ്ങള്‍ കൈമാറണമെന്നും അന്യായമായി പിരിച്ചുവിട്ടതിന് രണ്ടു മാസത്തെ വേതനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. സര്‍വീസ് സര്‍ട്ടിഫിക്കറ്റും കമ്പനി സൗജന്യമായി നല്‍കണം.

മറ്റൊരു പുതിയ തൊഴില്‍ ലഭിക്കല്‍ എളുപ്പമാക്കാനാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. ആയതിനാല്‍ അപകീര്‍ത്തിയുണ്ടാക്കുന്ന ഒന്നും ഉള്‍പ്പെടുത്താതെയായിരിക്കണം അത് നല്‍കേണ്ടത്. തൊഴിലാളി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച തീയതിയും സര്‍വീസ് അവസാനിപ്പിച്ച തീയതിയും ജോലി ചെയ്തിരുന്ന പ്രൊഫഷനും വേതനവും സര്‍വീസ് സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തണമെന്നും റിയാദ് ലേബര്‍ കോടതി ഉത്തരവിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.