സ്വന്തം ലേഖകൻ: സൗദി എയർലൈൻസിന്റെ പഴയ മൂന്ന് ബോയിങ് 777 വിമാനങ്ങൾ റിയാദിലെ ബോളിവാഡ് റൺവേ ഏരിയയിലെത്തി. പതിനൊന്ന് ദിവസത്തെ കരമാർഗ യാത്രയ്ക്കൊടുവിലാണ് വിമാനങ്ങൾ ബോളിവാഡ് റൺവേയിൽ എത്തിയത്. 1000-ത്തിലധികം കിലോമീറ്റർ പിന്നിട്ടാണ് സാഹസിക യാത്ര ലക്ഷ്യസ്ഥാനത്തെത്തിയത്. 60 ടൺ വീതം ഭാരമുളള വിമാനങ്ങൾക്ക് 8.5 മീറ്റർ ഉയരമാണുളളത്. അതുകൊണ്ട് വലിയ വെല്ലുവിളി അതിജീവിച്ചാണ് വിമാനങ്ങൾ റിയാദ് സിറ്റി ബോളിവാഡ് റൺവേ ഏരിയയിലെത്തിച്ചത്.
ഏകദേശം രണ്ടോ മൂന്നോ ആഴ്ചയായിരുന്നു മൂന്ന് വിമാനങ്ങളും ലക്ഷ്യത്തിൽ എത്തിച്ചേരാൻ കണക്കാക്കിയ സമയം. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ നേരത്തെയാണ് വിമാനങ്ങൾ റിയാദിൽ എത്തിച്ചേർന്നത്. പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിെന്റെ മേൽനോട്ടത്തിലായിരുന്നു വിമാനങ്ങളുടെ യാത്ര. റോഡ് മാർഗത്തിലുടനീളം കടന്നുപോകുന്ന മേഖലയിലയിലെ ഗവർണറേറ്റുകളെയും വകുപ്പുകളെയും മുൻകൂട്ടി ഏകോപിപ്പിച്ച് മുൻകൂട്ടി പഠിച്ച പദ്ധതി പ്രകാരമാണ് വിമാനങ്ങൾ കരമാർഗം റിയാദിലെത്തിച്ചത്.
ബോളിവാഡ് റൺവേ ഏരിയയുടെ നിർമാണം ആരംഭിച്ചതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ നേരത്തെ അറിയിച്ചിരുന്നു. റിയാദിലെ സീസൺ ഏരിയകളിലെ പുതിയ വിനോദ കേന്ദ്രമാണിത്. അതോറിറ്റിയും സൗദി എയർലൈൻസും ചേർന്നാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഒക്ടോബർ 28 മുതലാണ് പ്രവർത്തനം ആരംഭിക്കാൻ തീരൂമാനിച്ചിരിക്കുന്നത്. മൂന്ന് ബോയിങ് 777 വിമാനങ്ങളിൽ റസ്റ്റോറൻറുകളും വിനോദ വേദികളും ആരംഭിക്കുമെന്നാണ് വിവരം. വിനോദം, ഷോപ്പിങ്, ഡൈനിങ് എന്നിവയെല്ലാം ഉൾപ്പെടുത്തി സന്ദർശകരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജിദ്ദയിൽനിന്ന് റിയാദിലെത്തുന്നതുവരെയുള്ള വിമാനങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റുകളുടെ എണ്ണം കൂടിയതോടെ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഏറ്റവും മനോഹരമായ വിമാന ഫോട്ടോഗ്രാഫിക്കുള്ള മത്സരം പ്രഖ്യാപിച്ചിരുന്നു. വിജയികൾക്ക് 10 ആഡംബര കാറുകളാണ് തുർക്കി ആലുശൈഖ് വാഗ്ദാനം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല