1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2023

സ്വന്തം ലേഖകൻ: വ്യാഴാഴ്ച അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ സൗദി വ്യവസായി പൊടിച്ചത് 2.2 ദശലക്ഷം പൗണ്ട്, ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപ. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു മത്സര ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

220,000 പൗണ്ടിന് (രണ്ട് കോടി 20 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ലേലത്തിനുവെച്ച മത്സരത്തിന്റെ വിഐപി ടിക്കറ്റാണ് മുഷറഫ് ബിന്‍ അഹമ്മദ് അല്‍-ഗാംദി എന്ന സൗദി വ്യവസായി 2.2 ദശലക്ഷം പൗണ്ടിന് (ഏകദേശം 22 കോടി ഇന്ത്യന്‍ രൂപ) ലേലം വിളിച്ച് സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ടിക്കറ്റാണിതെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സൗദി അറേബ്യയുടെ എഹ്സാന്‍ ചാരിറ്റി ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ തലവന്‍ തുര്‍ക്കി അല്‍ ഷെയ്ഖ് ആരംഭിച്ച ക്യാമ്പെയ്‌നിന്റെ ഭാഗമായിട്ടായിരുന്നു വിഐപി ടിക്കറ്റ്.

2020 ഡിസംബറില്‍നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിനുശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനാ താരം ലയണല്‍ മെസ്സിയും പരസ്പരം കളിച്ചിട്ടില്ല. അന്ന് മെസ്സി ബാഴ്‌സയ്ക്കും ക്രിസ്റ്റ്യാനോ യുവന്റസിനുമാണ് കളിച്ചത്.

36 മത്സരങ്ങളിലാണ് ഇരുതാരങ്ങളും നേര്‍ക്കുനേര്‍വന്നത്. ഇതില്‍ മെസ്സിയുടെ ടീം 16 തവണയും ക്രിസ്റ്റ്യാനോ കളിച്ച ടീം 11 കളിയിലും ജയിച്ചു. മെസ്സി മൊത്തം 22 ഗോളടിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ 21 ഗോളും നേടി. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കിയശേഷമാണ് ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബ് അല്‍ നസ്‌റിലേക്ക് ചേക്കേറിയത്. എന്നാല്‍, ക്ലബ്ബിനായി ഇതുവരെ അരങ്ങേറിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് ഓള്‍ സ്റ്റാര്‍ ടീമിന്റെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോയെ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.