1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2024

സ്വന്തം ലേഖകൻ: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളപ്പറഞ്ഞു.

കേരളത്തിന്‍റെ യുവജനതയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമെല്ലാം സത്യഭാമക്കെതിരെ പ്രതിഷേധം വ്യക്തമാക്കിക്കഴിഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലുമെല്ലാം രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ജാതി അധിക്ഷേപത്തിൽ സത്യഭാമക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ഡി വൈ എഫ് ഐ പരാതിയും നൽകിയിട്ടുണ്ട്. ഇതോടെ ജാതി അധിക്ഷേപം സത്യഭാമക്ക് കൂടുതൽ കുരുക്കായി മാറുമെന്നാണ് വ്യക്തമാകുന്നത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നാണ് ഡി വൈ എഫ് ഐയുടെ ആവശ്യം.

അതേസമയം നർത്തകൻ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയെന്ന വിവാദത്തിൽ പ്രതികരണവുമായി കലാമണ്ഡലം സത്യഭാമ. ആർഎൽവി എന്ന സ്ഥാപനത്തെക്കുറിച്ചാണു പറഞ്ഞതെന്നും വ്യക്തിയെക്കുറിച്ചല്ലെന്നും സത്യഭാമ പറഞ്ഞു. താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതായും സത്യഭാമ ആരോപിച്ചു.

ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആർഎൽവി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആർഎൽവി രാമകൃഷ്ണനു പിന്തുണയുമായി നിരവധിപ്പേർ രംഗത്തെത്തി. സത്യഭാമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

ഇതു രണ്ടാം തവണയാണു സത്യഭാമ വിവാദത്തിൽപെടുന്നത്. 2018ൽ, അന്തരിച്ച കഥകളി ആചാര്യൻ കലാമണ്ഡലം പത്മനാഭൻ നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമർശവും വിവാദമായിരുന്നു.

പത്മനാഭൻ ആശാൻ മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമർശത്തിലുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കലാമണ്ഡലം ഭരണസമിതിയിൽനിന്നു സത്യഭാമയെ പുറത്താക്കിയിരുന്നു. അന്നു ഫോൺസംഭാഷണം പുറത്തുവിട്ടത് ‘ചാലക്കുടിക്കാരൻ’ ആണെന്നും സത്യഭാമ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.