1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

സ്വന്തം ലേഖകൻ: ആഴ്ചകളായി നീളുന്ന എം.വി.ഡി-റോബിന്‍ ബസ് പ്രശ്‌നത്തില്‍ കടുത്ത നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഇന്ന് (വെള്ളിയാഴ്ച ) പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു. വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം പിടിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ടെന്നും എം.വി.ഡി. അറിയിച്ചിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം.

കോയമ്പത്തൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്‍പാണ് ഈ ബസ് പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍നിന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് ബസ് സ്റ്റാന്‍ഡിന് സമീപത്ത് എത്തിയതോടെ ബസ് പിടിച്ചെടുക്കുകയും സുരക്ഷിതമായ പാര്‍ക്കിങ്ങ് കണക്കിലെടുത്ത് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു.

എന്നാല്‍, ബസ് പിടിച്ചെടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ട ആളുകള്‍ അറിയിച്ചിരിക്കുന്നത്. ബസിലെ നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിന്‍ ബസിലെ മൂന്ന് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്നാണ് സൂചനകള്‍.

റോബിന്‍ ബസിന്റെ നിയമലംഘനങ്ങള്‍ക്ക് കുടപിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വ്‌ളോഗര്‍മാര്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനുള്ള നിയമസാധ്യതയും മോട്ടോര്‍വാഹന വകുപ്പ് തേടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിന്‍ ബസിനെതിരേ തുടര്‍ച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോസ്ഥര്‍ സ്വീകരിച്ച് വരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.