1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2017

സ്വന്തം ലേഖകന്‍: റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരായ വംശീയ അതിക്രമങ്ങള്‍, മ്യാന്മര്‍ സൈന്യത്തിന് താക്കീതുമായി യുഎസ്, സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് മുന്നറിയിപ്പ്. റോഹിന്‍ഗ്യകള്‍ക്കു നേരെ മ്യാന്‍മറില്‍ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മ്യാന്‍മര്‍ സൈന്യത്തിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. രാഖൈനില്‍ നടക്കുന്ന അക്രമ പരമ്പരകളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും പെന്റഗണ്‍ വക്താവ് ഹീതര്‍ നോവര്‍ട്ടും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പ്രതികരിച്ചു.

റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് എതിരായ നടപടിയില്‍ മ്യാന്മര്‍ സൈനിക നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്നും രാഖൈന്‍ സംസ്ഥാനത്തെ പ്രതിസന്ധി പരിഹരിക്കുന്നതില്‍ തങ്ങള്‍ പങ്കാളികളാവുമെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് ഹീതര്‍ നോവര്‍ട്ട് പറഞ്ഞു. അതേസമയം, മേഖലയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതില്‍ മ്യാന്മര്‍ ഭരണകൂടവും സായുധസൈന്യവും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ഹീതര്‍ ആവശ്യപ്പെട്ടു.

അതിക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ വ്യക്തികളാണെങ്കിലും സംഘടനകളാണെങ്കിലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 25 മുതലാണ് മ്യാന്‍മര്‍ സൈന്യം റാഖിനയില്‍ റോഹിംഗ്യകള്‍ക്കെതിരെ മൃഗീയമായ പീഡനങ്ങള്‍ ആരംഭിച്ചത്. ഇതിനോടകം 600,000 റോഹിന്‍ഗ്യന്‍ മുസ്ലീങ്ങള്‍ രാജ്യം വിട്ട് ബംഗ്ലാദേശിലെത്തിയതായാണ് കണക്ക്.

വടക്കന്‍ റാഖിനയില്‍ പ്രവര്‍ത്തിക്കുന്ന മ്യാന്‍മര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള സൈനിക സഹായം അമേരിക്ക നേരത്തെ തന്നെ പിന്‍വലിച്ചിരുന്നു. റോഹിന്‍ഗ്യകള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങള്‍ അഴിച്ചുവിടുന്ന സൈനിക മേധാവികള്‍ക്കെതിരെ ഒരു ശിക്ഷയും ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് യു.എസ് സെനറ്റര്‍മാര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.