1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2017

സ്വന്തം ലേഖകന്‍: ഹൈദാരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമ വാര്‍ഷികം. ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ ദിനമായി ആചരിച്ചു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെ രോഹിത് വെമുല സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

രോഹിത് വെമുല ദിനത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ രോഹിതിന്റെ അമ്മ രാധിക വെമുലയെ പോലീസ് അറസ്റ്റ് ചെയ്തു. രോഹിതിന്റെ മരണത്തില്‍ പ്രതിഷേധം നയിക്കവെയാണ് പോലീസ് അവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രാധിക വെമുലയെ ഗൗച്ചിബൗളി സ്റ്റേഷനിലേക്കു മാറ്റി. രോഹിത് വെമുല ദിനത്തില്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. വിദ്യാര്‍ഥി മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. രോഹിത് വെമുലയ്ക്കു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്നാരോപിച്ച് ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദും, ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ മര്‍ദിച്ച ദളിത് യുവാക്കളും യോഗത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

രോഹിതിന്റെ വിവിധ നിറങ്ങളില്‍ തീര്‍ത്ത മുഖചിത്രം പ്രതിഷേധ സൂചകമായി കാമ്പസിലെമ്പാടും പതിച്ചിരുന്നു. നാടന്‍പാട്ടുകളടക്കമുള്ള സാംസ്‌കാരിക പരിപാടികളും പ്രതിഷേധത്തിന്റെ ഭാഗമായി അരങ്ങേറി.
‘ഈ കത്ത് നിങ്ങള്‍ വായിക്കുന്ന സമയം ഞാന്‍ ഇവിടെ ഉണ്ടാകില്ല, ആദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കത്തെഴുതുന്നത്. ആദ്യമായി എഴുതുന്ന അവസാനത്തെ കത്ത്, ഞാന്‍ പറയുന്നത് അവിവേകമെങ്കില്‍ എന്നോട് ക്ഷമിക്കുക’ എന്നെഴുതി രോഹിത് ആത്മഹത്യ ചെയ്യുകയായിരുന്നു.

മുംബൈ ആക്രമണക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ പ്രതിഷേധിച്ച രോഹിത് വെമുലയും സഹപാഠികളും എ.ബി.വിപി പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വെമുലയുടെ ഫെല്ലോഷിപ്പിനുള്ള തുക ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല തടഞ്ഞിരുന്നു. സെക്കന്തരാബാദിലെ ബി.ജെപി എം.പിയും കേന്ദ്രമന്ത്രിയുമായ ബന്ധരു ദത്താത്രേയ അടക്കമുള്ള നേതാക്കള്‍ ഇടപെട്ടതോടെ സംഭവം മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയ്ക്ക് മുന്നിലെത്തി. തുടര്‍ന്ന് വെമുല ഉള്‍പ്പെടെ നാല് എഎസ്‌ഐ പ്രവര്‍ത്തകരെ സര്‍വകലാശാല പുറത്താക്കുകയായിരുന്നു.

ക്ലാസില്‍ കയറാനുള്ള അവസാന ശ്രമവും പരാജയപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം ജനുവരി 17ന് പുലര്‍ച്ചെയാണ് ഹോസ്റ്റല്‍ മുറിയില്‍ രോഹിത് വെമുലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെമുലയുടെ ആത്മഹത്യ കുറിപ്പില്‍ ആരെയും പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും ആത്മഹത്യ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്രവും സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ അപ്പാ റാവുവും പ്രതിക്കൂട്ടിലാകുകയും ചെയ്തു. രാജ്യം ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പ്രതിഷേധവും മുദ്രാവാക്യങ്ങളുമാണ് രോഹിത് വെമുലയ്ക്ക് വേണ്ടി ഉയര്‍ന്നത്.

വെമുലയുടെ ആത്മഹത്യാ കുറിപ്പിലെ ഒരു ഭാഗം,

‘നിങ്ങളില്‍ പലരുമെന്ന വളരെയേറെ സ്‌നേഹിച്ചു. ആരോടും എനിക്ക് പരാതിയല്ല. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള വിടവ് വര്‍ധിക്കുയാണ്, കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രകാരനും എഴുത്തുകാരനും ആകുക എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, എഴുതാന്‍ കഴിഞ്ഞതാകട്ടെ ഈ കത്തും. ശാസ്ത്രത്തെയും നക്ഷത്രങ്ങളെയും പ്രകൃതിയെയും ഞാന്‍ ഏറെ സ്‌നേഹിച്ചു. മനുഷ്യല്‍ പ്രകൃതിയില്‍ നിന്നും ഏറെ അകന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ അവരെയും സ്‌നേഹിച്ചു.

എന്നാല്‍, വികാരങ്ങള്‍ക്ക് രണ്ടാംസ്ഥാനമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. സ്‌നേഹം നിര്‍മിക്കപ്പെടുകയാണ്. വിശ്വാസങ്ങള്‍ക്ക് നിറംപൂശപ്പെടുകയാണ്. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് ഏറ്റവും കഠിനമായ ഒന്നായി മാറിയിരിക്കുന്നു. ഒരു മനുഷ്യന്റെ മൂല്യം അവന്റെ ഏറ്റവും അടുത്ത അസ്തിത്വത്തിലേയ്ക്കും തൊട്ടടുത്ത സാധ്യതയിലേയ്ക്കും ചുരുക്കപ്പെടുന്നു. ഒരു വോട്ട്, ഒരക്കം, ഒരു വസ്തു, ഒരിക്കലും ഒരു മനുഷ്യനെ ഒരു മനസായി ഗണിക്കുന്നില്ല. നക്ഷത്ര ധൂളികള്‍ കൊണ്ടുണ്ടാക്കിയ ഒരു ഉജ്വല വസ്തുവായി എല്ലായിടത്തും, പഠനത്തില്‍, തെരുവുകളില്‍, രാഷ്ട്രീയത്തില്‍, മരണത്തിലും ജീവിതത്തിലും…

ലോകത്തെ മനസിലാക്കിയെടുക്കുന്നതില്‍ ഒരു പക്ഷേ ഞാന്‍ പരാജയപ്പെട്ടതാകാം. ഒരു ജീവിതം തുടങ്ങാനാകാതെ ഞാന്‍ ഉഴറുകയായിരുന്നു. ചിലര്‍ക്ക് അങ്ങനെയാണ്, ജീവിതം ഒരു ശാപമാണ്. എന്റെ ജനനം തന്നെ മാരകമായൊരു അപകടമായിരുന്നു. ആളുകള്‍ എന്നെ ഭീരുവെന്നോ സ്വാര്‍ത്ഥനെന്നോ വിവരംകെട്ടവനെന്നോ വിളിച്ചേക്കാം. അതൊന്നും എനിക്ക് പ്രശ്‌നമല്ല. മരണശേഷമുള്ള കഥകളിലൊന്നും എനിക്ക് വിശ്വാസമില്ല. നക്ഷത്രങ്ങളിലേയ്ക്ക് യാത്രചെയ്യാനാകും എന്നു മാത്രം ഞാന്‍ വിശ്വസിക്കുന്നു.

ഈ കത്ത് വായിക്കുന്നവര്‍ക്ക് എന്നോടു ചെയ്യാവുന്ന ഏക സഹായം, ഏഴു മാസത്തെ എന്റെ സ്‌കോളര്‍ഷിപ്പ് തുകയായ 1.75 ലക്ഷം രൂപ എന്റെ കുടംബത്തിന് വാങ്ങിക്കൊടുക്കുക എന്നതാണ്. എന്റെ മരണാനന്തര കര്‍മങ്ങള്‍ ശാന്തമായി നടക്കട്ടെ. ഞാന്‍ വന്നുപോയി എന്നുമാത്രം കരുതുക. എനിക്കു വേണ്ടി ആരും കരയരുത്. ഞാന്‍ ജീവിച്ചിരിക്കുന്നതിലും കൂടുതല്‍ സന്തുഷ്ടനായിരിക്കുക മരണശേഷമായിരിക്കും…’

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.