1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2017

സ്വന്തം ലേഖകന്‍: അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തിളച്ചുമറിഞ്ഞ് റൊമാനിയ, വ്യവസായ മന്ത്രി രാജിവച്ചു. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുണയാകുന്ന പുതിയ സര്‍ക്കാര്‍ ഉത്തരവാണ് ജനങ്ങളെ രോഷാകുലരാക്കുകയും തെരിവില്‍ ഇറക്കുകയും ചെയ്തത്. അഴിമതി ആരോപണത്തില്‍ കുടുങ്ങിയ നൂറു കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് ഇളവു നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

കുറഞ്ഞ തുക ഉള്‍പ്പെടുന്ന അഴിമതിക്കേസുകള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഉത്തരവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ലക്ഷത്തോളം പേര്‍ അണിനിരന്ന വമ്പന റാലിയും പ്രതിഷേധക്കാര്‍ നടത്തി. പ്രതിഷേധം കൈവിട്ടു പോയതോടെ റുമേനിയന്‍ വ്യവസായ വാണിജ്യ സംരംഭകത്വ മന്ത്രിയായ ഫ്‌ളോറിന്‍ ജെയ്‌നു രാജിവച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം.

ധാര്‍മികതയുടെ പേരിലാണ് തന്റെ രാജിയെന്ന് ഫ്‌ളോറിന്‍ പറഞ്ഞു.
1989 ല്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി വിരുദ്ധ റാലിയായാണ് ഈ പ്രതിഷേധം
കരുതപ്പെടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഴിമതിക്കാര്‍ക്ക് ശിക്ഷയിളവു നല്‍കുന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

സോഷ്യല്‍ ഡെമോക്രാറ്റ് സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി സോറിന്‍ ഗ്രിണ്ടേന്യു അധികാരത്തിലേറി ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് വിവാദ ഉത്തരവിന്റെ വരവ്. റൊമേനിയന്‍ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരേ ഭരണഘടനാ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതായി പ്രസിഡന്റ് ക്ലാവുസ് ജൊഹാനിസ് അറിയിച്ചു. സോഷ്യല്‍ ഡെമോക്രാറ്റ് ഭരണകൂടത്തോട് എത്രയും വേഗം ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഉത്തരവിനെതിരെ വിവിധ പട്ടണങ്ങളില്‍ നടന്ന പ്രകടനത്തില്‍ കടുത്ത തണുപ്പു വകവയ്ക്കാതെ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തു. ഭരണഘടനാകോടതിയില്‍നിന്നു മറിച്ചുള്ള വിധി ഉണ്ടാവാത്തപക്ഷം പത്തു ദിവസത്തിനകം ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാവും. ഭരണകക്ഷിയുടെ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേയുള്ള പല അഴിമതിക്കേസുകളും തേച്ചുമായ്ച്ചു കളയാനും ഇതോടെ സാധ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.