
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിന്‍ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യന്‍ പ്രതിരോധമന്ത്രാലയവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്പുട്‌നിക്-അഞ്ച് വാക്‌സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം ചില വിദഗ്ദ്ധര്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്‌സിന്‍ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു സര്‍വേയില്‍ കാണിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും റഷ്യന്‍ ഡോക്ടര്‍മാരായിരുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന്‍ പുറത്തിറക്കിയ കൊവിഡ് വാക്‌സിന് സ്പുട്‌നിക്-അഞ്ച് എന്നാണ് പേര് നല്‍കിയിട്ടുള്ളത്. 1957-ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിനെ അനുസ്മരിച്ചുകൊണ്ടാണ് ഈ പേര് നല്‍കിയത്.
വാക്‌സിന്‍ ഇതുവരെ അന്തിമ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരുമായ 3040 പേര്‍ പങ്കെടുത്ത ഒരു സര്‍വേ റിപ്പോര്‍ട്ട് ആര്‍.ബി.സിയാണ് പ്രസിദ്ധീകരിച്ചത്. 52 ശതമാനം പേരും വാക്‌സിൻ എടുക്കാൻ തയ്യാറല്ലെന്നാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്.
അതിനിടെ സ്പുടിനിക് വി സൗദി അറേബ്യയിലും യു.എ.ഇയിലും പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. സൗദിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായാണ് റഷ്യ ധാരണയിലെത്തിയിരിക്കുന്നത്. വാക്സിന്റെ ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങൾ സൗദിയിലെ ഈ കമ്പനിക്ക് കൈമാറിയിട്ടുണ്ടെന്ന് റഷ്യൻ ഡയരക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൗദിയിലെ അറബ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം റഷ്യൻ വാക്സിൻ പരീക്ഷിക്കുന്ന സൗദി ഫാർമസ്യൂട്ടിക്കൽ കമ്പനിയേതെന്ന് വ്യക്തമാക്കിയിട്ടില്ല.
സൗദിയെ കൂടാതെ യു.എ.ഇക്കും റഷ്യയുടെ ഈ കൊവിഡ് വാക്സിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ തന്നെ യു.എ.ഇയിലും പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനു പുറമെ ഫിലിപ്പീൻസ്, ബ്രസീൽ എന്നിവിടങ്ങളിലും കൊവിഡ് വാക്സിൻ പരീക്ഷണം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല