1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2022

സ്വന്തം ലേഖകൻ: രാജ്യാന്തര പേയ്മെന്‍റ് ശൃംഖലയായ സ്വിഫ്റ്റില്‍ നിന്നും റഷ്യയിലെ മുന്‍നിര ബാങ്കുകളെ പുറത്താക്കാന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ധാരണയായി. റഷ്യയിലെ ബാങ്കുകളുടേയും സാമ്പത്തിക സ്ഥാപനങ്ങളുടേയും വിദേശ സാമ്പത്തിക ഇടപാടുകള്‍ ഇതോടെ പൂര്‍ണ്ണമായും നിലക്കും. റഷ്യക്കെതിരെ അമേരിക്കയും വിവിധ ലോകരാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തില്‍ ഏറ്റവും പ്രഹരശേഷിയുള്ളതാണ് സ്വിഫ്റ്റിന്‍റെ വിലക്ക്. ലോകത്തിലെ മുന്‍നിര രാജ്യങ്ങളിലെ ബാങ്കുകള്‍ തമ്മിലുള്ള രാജ്യാന്തര പേയ്മെന്‍റ് നെറ്റ് വര്‍ക്കാണ് സ്വിഫ്റ്റ്. മെസേജിംഗ് സംവിധാനത്തിലൂടെ ശതകോടി ഡോളറുകളുടെ ഇടപാടുകള്‍ ഇന്‍റര്‍നെറ്റ് വഴി അതിവേഗം നടത്താമെന്നാതാണ് സ്വിഫ്റ്റിന്‍റെ പ്രത്യേകത.

200 ലധികം രാജ്യങ്ങളിലെ 11000 ലധികം ബാങ്കുകള്‍ നിലവില്‍ സ്വിഫ്റ്റിന്‍റെ ഭാഗമാണ്. റഷ്യയിലെ പ്രധാന ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതോടെ റഷ്യയിലേക്കും തിരിച്ചും പണമയക്കുന്നത് പൂര്‍ണ്ണമായും മുടങ്ങും. റഷ്യന്‍ ബാങ്കുകളുടെ വിദേശ സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിക്കും. റഷ്യന്‍ കയറ്റുമതി ഇറക്കുമതി മേഖലയിലെ പണമിടപാടുകള്‍ പൂര്‍ണ്ണമായും നിലക്കും. സാമ്പത്തികമായി റഷ്യയെ വരിഞ്ഞുമുറുക്കാന്‍ ഈ നീക്കത്തിലൂടെ കഴിയും. വിദേശത്തു നിന്നും റഷ്യയിലേക്കുള്ള സാമ്പത്തിക ഇടപാടുകളും ബുദ്ധിമുട്ടാകും. റഷ്യയിലെ 300 ലധികം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് സ്വിഫ്റ്റിന്‍റെ ഭാഗമായുള്ളത്.

യുക്രൈനെതിരായ യുദ്ധം ശക്തമാക്കിയതോടെ റഷ്യയെ സാമ്പത്തികമായി സമ്മര്‍ദത്തിലാക്കാന്‍ ഒരുങ്ങി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും. സെന്‍ട്രല്‍ ബാങ്ക് അടക്കമുള്ള റഷ്യയിലെ ബാങ്കുകള്‍ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരേ തുടങ്ങിയ നടപടി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.

എന്നാല്‍, റഷ്യയെ സാമ്പത്തികമായി ബാധിക്കുന്ന ഈ തീരുമാനം യൂറോപ്യന്‍ യൂണിയന് തിരിച്ചടിയാവാത്ത തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ പറയുന്നത്. റഷ്യയിലേയ്ക്കുള്ള ഒരു ചരക്ക് കപ്പല്‍ ഇംഗ്ലീഷ് കനാലില്‍ തടഞ്ഞുകൊണ്ട് ഫ്രാന്‍സ് ഉപരോധത്തിന്റെ ആദ്യ സൂചനകള്‍ നല്‍കിയിരുന്നു. കാറുകളുമായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേയ്ക്ക് യാത്രതിരിച്ച ചരക്കു കപ്പലാണ് ഫ്രഞ്ച് കസ്റ്റംസും നാവികസേനയും ചേര്‍ന്ന് തടഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.