1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ ആവശ്യം കുത്തനെ കുറഞ്ഞതോടെ കൂപ്പുകുത്തി അസംസ്‌കൃത എണ്ണ വില. റഷ്യയുമായി വില കുറയ്ക്കല്‍ തന്ത്രം പയറ്റാന്‍ സൗദി തീരുമാനിച്ചതോടെയാണ് വിലയില്‍ വന്‍ ഇടിവുണ്ടായിരിക്കുന്നത്. 31 ശതമാനത്തിന്റെ ഇടിവാണ് വിപണിയില്‍ ഉണ്ടായിരിക്കുന്നത്.

ആഗോള തലത്തില്‍ എണ്ണ വില ബാരലിന് 31.02 ഡോളറായി കുറഞ്ഞു. ഇനി 20 ഡോളറില്‍ താഴെവരെ വില കുറയുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് നല്‍കുന്ന സൂചന. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1991ല്‍ ഒന്നാം ഗള്‍ഫ് യുദ്ധ സമയത്താണ് ഇതിന് മുമ്പ് വില ഇത്രത്തോളം കുറഞ്ഞിട്ടുള്ളത്. 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എണ്ണവില കുറയാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉല്‍പാദനം കുറയ്ക്കണമെന്ന് സൗദി ഉള്‍പ്പെട്ട ഒപെക് രാഷ്ട്രങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ റഷ്യ തയ്യാറാകാത്തതോടെയാണ് സൗദി പ്രതികാര നടപടികളുമായി രംഗത്തെത്തിയത്. 

സൗദിയാണ് എണ്ണ കയറ്റുമതി രംഗത്ത് ലോകത്ത് ഒന്നാമത്. രണ്ടാം സ്ഥാനമാണ് റഷ്യക്കുള്ളത്. ഇതോടെ ഇന്ത്യന്‍ വിപണിയിലും എണ്ണവില ഇടിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില കുറയുന്നത്. കേരളത്തിലും എണ്ണ വിലയില്‍ മാറ്റമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് പെട്രോളിന് 74 രൂപയും ഡീസലിന് 68 രൂപയുമാണ് വില. ഒരാഴ്ചക്കിടെ ഒന്നര രൂപയാണ് പെട്രോള്‍ വിലയില്‍ കുറവുണ്ടായിരിക്കുന്നത്.

അതേസമയം, എണ്ണ വില കുത്തനെ ഇടിഞ്ഞതോടെ ഓഹരി വിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൂപ്പുകുത്തി. പത്തുവര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലാണ് കമ്പനിയുടെ ഓഹരികള്‍. 

നിലവിലെ സ്ഥിതി തുടർന്നാൽ ബാരലിന് 20 ഡോളറിലേക്ക് എണ്ണവില കൂപ്പുകുത്താനുള്ള സാധ്യതയുണ്ട്. സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾ തികഞ്ഞ ആശങ്കയിലാണ്. കോവിഡ് 19 പ്രത്യാഘാതങ്ങളുടെ ഭാഗമായി നിരവധി രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദായതും വിപണിയെ ബാധിച്ചു.

എണ്ണവില തകർച്ച ഗൾഫ് ഓഹരി വിപണിയെ വീണ്ടും ഉലച്ചു. കനത്ത നഷ്ടത്തിലാണ് ഇന്നും വ്യാപാരം തുടങ്ങിയത്. അരാംകോ ഓഹരി വില നന്നെ കുറഞ്ഞു. റിയാദ്, ദുബൈ, അബൂദബി ഉൾപ്പെടെ പ്രധാന ഗൾഫ് ഓഹരി വിപണികളുടെ നഷ്ടം ഏറെ വലുതാണ്. 

പ്രതിസന്ധി തുടർന്നാൽ എണ്ണമറ്റ തൊഴിൽ മേഖലകളെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 24 പൈസയാണ് വിനിമയ നിരക്ക്. അതേ സമയം സുരക്ഷിത നിക്ഷേപം എന്ന നിലക്ക് ആളുകളെ ആകർഷിക്കുന്നതിനാൽ സ്വർണ വിപണി കൂടുതൽ കരുത്താർജ്ജിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.