1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2021

സ്വന്തം ലേഖകൻ: കോവിഡ് -19 വാക്‌സിനുള്ള ഒറ്റ-ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ പതിപ്പ് ഉപയോഗിക്കുന്നതിന് റഷ്യ അംഗീകാരം നൽകി. കോവിഡിനെതിരെ ഈ വാക്സിൻ 79.4 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ആർ‌ഡി‌എഫ്) പറഞ്ഞു. 10 ഡോളറിൽ താഴെ മാത്രമാണ് വാക്സിന് ചെലവ് വരുന്നതെന്നും കയറ്റുമതിക്കായി വാക്സിൻ നീക്കിവച്ചിട്ടുണ്ടെന്നും ആർ‌ഡി‌എഫ് അറിയിച്ചു.

മോസ്കോയിലെ ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. മറ്റ് വാക്സിനുകൾ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടതെങ്കിൽ ഈ വാക്സിൻ ഒരു ഡോസ് സ്വീകരിച്ചാൽ മതി. പെട്ടെന്ന് തന്നെ കോവിഡ് രോഗബാധ പിടിച്ചുകെട്ടേണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്ന ഇടങ്ങളിൽ ഉപയോഗിക്കാം എന്നതാണ് ഈ വാക്സിന്റെ പ്രത്യേകതകളിലൊന്നായി ചൂണ്ടിക്കാട്ടുന്നത്.

“സിംഗിൾ ഡോസ് സ്പുട്‌നിക് ലൈറ്റ് വാക്സിൻ 2020 ഡിസംബർ 5 നും 2021 ഏപ്രിൽ 15 നും ഇടയിൽ റഷ്യയുടെ മാസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു. കുത്തിവയ്പ്പ് നടത്തി 28 ദിവസത്തിനുശേഷം എടുത്ത വിവരം വിശകലനം ചെയ്തതിൽ നിന്ന് വാക്സിന് 79.4 ശതമാനം ഫലപ്രാപ്തിയുള്ളതായി കാണാൻ കഴിഞ്ഞു,” ആർ‌ഡി‌ഐ പ്രസ്താവനയിൽ പറഞ്ഞു.

റഷ്യ, യുഎഇ, ഘാന എന്നിവ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള 7,000 പേരെ ഉൾപ്പെടുത്തിക്കൊണ്ട് വാക്സിനിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടക്കുന്നുണ്ടെന്ന് ആർ‌ഡി‌എഫ് അറിയിച്ചു. മൂന്നാംഘട്ട ട്രയലിന്റെ ഇടക്കാല ഫലങ്ങൾ ഈ മാസം അവസാനം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുടെ സ്പുട്നിക് 5 ഇരട്ട ഡോസ് കോവിഡ് വാക്സിനും വിവിധ രാജ്യങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ഇരട്ട ഡോസ് സ്പുട്നിക് 5 വാക്സിൻ ഇതിനകം 80 ലക്ഷം റഷ്യക്കാർക്ക് നൽകിയതായി റഷ്യൻ അധികൃതർ പറയുന്നു.

ഇരട്ട ഡോസ് സ്പുട്നിക് 5 വാക്സിൻ കോവിഡിനെതിരെ 97.6 ശതമാനം ഫലപ്രദമാണെന്ന് 38 ലക്ഷം ആളുകളിൽ വാക്സിൻ നൽകിയതിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയതായി റഷ്യൻ ഗവേഷകർ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. രണ്ട് ഡോസ് നൽകുന്ന സ്പുട്നിക് 5 വാക്സിൻ തന്നെയാവും റഷ്യയിലെ പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രധാന ഉറവിടമായി തുടരുകയെന്ന് അധികൃതർ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.