1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2016

സ്വന്തം ലേഖകന്‍: റഷ്യക്ക് കൈകൊടുത്ത് തുര്‍ക്കി, ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കി പുടിന്‍, എര്‍ദോഗാന്‍ കൂടിക്കാഴ്ച. തുര്‍ക്കിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു തയാറാണെന്നു വ്യക്തമാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സാമ്പത്തിക മേഖലയിലും ഇതരമേഖലകളിലും സഹകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. സെന്റ്പീറ്റേഴ്‌സ്ബര്‍ഗിലെത്തിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി പുടിന്‍ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. സൈനിക അട്ടിമറി നീക്കം ഉണ്ടായ ഉടന്‍ തുര്‍ക്കിക്കു പിന്തുണ പ്രഖ്യാപിച്ചതിന് എര്‍ദോഗന്‍ പുടിനെ നന്ദി അറിയിച്ചു.

തുര്‍ക്കിയിലെ പരാജയപ്പെട്ട സൈനിക അട്ടിമറിനീക്കത്തിനുശേഷം എര്‍ദോഗന്‍ നടത്തിയ ആദ്യ വിദേശപര്യടനമാണിത്. ഉഭയകക്ഷി ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുന്ന സന്ദര്‍ശനമായിരിക്കുമിതെന്ന്‌സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനു തിരിക്കുംമുമ്പ് എര്‍ദോഗന്‍ പറഞ്ഞിരുന്നു.

നവംബറില്‍ റഷ്യയുടെ സൈനിക വിമാനം തുര്‍ക്കി വെടിവച്ചിട്ടതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. തുര്‍ക്കിക്കെതിരേ റഷ്യ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുകയും തുര്‍ക്കിയിലേക്കുള്ള റഷ്യന്‍ ടൂറിസ്റ്റുകളുടെ സഞ്ചാരത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.എര്‍ദോഗന്‍പുടിന്‍ കൂടിക്കാഴ്ചയെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണനിലയിലാവുമെന്നു കരുതപ്പെടുന്നു.

സൈനിക അട്ടിമറി നീക്കത്തില്‍ പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും സ്വീകരിച്ച നിലപാടില്‍ തുര്‍ക്കിക്കു പ്രതിഷേധമുണ്ട്. അട്ടിമറിക്കാര്‍ക്ക് എതിരേ എര്‍ദോഗന്‍ സ്വീകരിക്കുന്ന പ്രതികാരനടപടി നിയമവാഴ്ചയ്ക്കു നിരക്കുന്നതല്ലെന്നു പാശ്ചാത്യ സര്‍ക്കാരുകള്‍ കുറ്റപ്പെടുത്തിയിരുന്നു.

അട്ടിമറി നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതപ്പെടുന്ന ഇമാം ഫെത്തുള്ള ഗുലെനെ വിട്ടുതരണമെന്ന തുര്‍ക്കിയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യയുമായി കൂടുതല്‍ അടുക്കാനുള്ള എര്‍ദോഗന്റെ നീക്കം ശ്രദ്ധേയമാണെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.