
സ്വന്തം ലേഖകൻ: തെക്കൻ യുക്രൈനിലെ ഹഴ്സൻ മേഖലയിൽ റഷ്യൻ സേനയുടെ 2 ആയുധപ്പുരകൾ തകർത്തു നൂറിലേറെ പേരെ വധിച്ചതായി യുക്രൈൻ സേന അറിയിച്ചു. 7 ടാങ്കുകളും തകർത്തു. അധിനിവേശ ക്രൈമിയയിൽ നിന്ന് ഹഴ്സനിലെ റഷ്യൻ സേനയ്ക്കു സാധനസാമഗ്രികൾ എത്തിച്ചിരുന്ന റെയിൽ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകർത്ത് റഷ്യൻ സേനയെ ഒറ്റപ്പെടുത്തുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ സേനയ്ക്കു നാശമുണ്ടാക്കിയത്. ആറാം മാസത്തിലെത്തിയ യുക്രൈൻ – റഷ്യ സംഘർഷത്തിൽ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആൾനാശമാണിതെന്നു പറയുന്നു.
പതിനായിരക്കണക്കിനു സൈനികർ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയിലെ റിച്ചഡ് മൂർ പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിലെ കുതിപ്പു തുടരാനാകാതെ റഷ്യൻ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകർത്ത നിലയിലാണ്. ഒട്ടേറെ യുക്രൈൻ നഗരങ്ങളിൽ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
പൂർവ ഡോണെറ്റ്സ്കിലെ ജയിലിൽ മിസൈൽ ആക്രമണത്തിൽ 50 യുദ്ധത്തടവുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇരുകൂട്ടരും പരസ്പരം പഴിചാരൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടിക റഷ്യൻ സേന പുറത്തുവിട്ടു. യുഎസ് നിർമിത ഹിമാർസ് റോക്കറ്റ് ആക്രമണത്തിൽ റഷ്യ അനുകൂല യുക്രൈൻ വിമതരാണ് കൊല്ലപ്പെട്ടതെന്നും 73 പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും അവർ അറിയിച്ചു.
സംഭവത്തിൽ റഷ്യ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതു നിഷേധിച്ച യുക്രൈൻ റഷ്യ യുദ്ധത്തടവുകാരെ വധിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. യുക്രൈനിലെ ജയിലുകളിലെ യുദ്ധത്തടവുകാരെ കാണാൻ അനുവദിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല