
സ്വന്തം ലേഖകൻ: യുക്രൈനിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദ്യാര്‍ഥികളുള്‍പ്പെടെ 18,000 ഇന്ത്യക്കാരാണ് യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നത്. തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നു.
യുദ്ധ ഭീഷണി ഉയര്‍ന്നപ്പോള്‍ തന്നെ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. എന്നാല്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാനമാര്‍ഗം തിരിച്ചെത്തിക്കാന്‍ കഴിയില്ല എന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മടങ്ങി വരാന്‍ താത്പര്യമുള്ള എല്ലാവരേയും തിരികെ എത്തിക്കാന്‍ ബദല്‍ മാര്‍ഗം തേടുന്നുവെന്നും എന്നാല്‍ അക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പരിമിധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ എംബസിയെ സഹായിക്കാന്‍ കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാന്‍ തീരുമാനിച്ചു. ഇന്ത്യക്കാരെ രക്ഷിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുമായി സംസാരിച്ചു. അവര്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ മറ്റിടങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ക്കും കുടുങ്ങിക്കിടക്കുന്നവര്‍ക്കും ബന്ധപ്പെടുവാനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെടാന്‍ കൂടുതല്‍ ഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. പരിഭ്രമത്തിന്റെ ആവശ്യം ഇല്ലെന്നും ഇറാഖില്‍ നിന്നുള്‍പ്പെടെ യുദ്ധ സാഹചര്യത്തില്‍ ആളുകളെ തിരികെ എത്തിച്ച പരിചയമുണ്ട് ഇന്ത്യന്‍ നയതന്ത്ര മേഖലയ്‌ക്കെന്ന് മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വജയന്‍ അയച്ച കത്തിലെ വിവരം അനുസരിച്ച് 2300ല്‍ അധികം മലയാളികളാണ് യുക്രൈനിലുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല