
സ്വന്തം ലേഖകൻ: ദിവസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ റഷ്യയും യുക്രൈയ്നും അയൽരാജ്യമായ ബെലാറൂസിൽ സമാധാന ചർച്ചകൾക്ക് തുടക്കം കുറിച്ചു. യുദ്ധം തുടങ്ങി അഞ്ചാം ദിവസമാണ് ചർച്ച സാധ്യമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചർച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലറൂസിൽ വെച്ചുള്ള ചർച്ചക്ക് ഇന്നലെയാണ് യുക്രൈയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സമ്മതിച്ചത്.
റഷ്യ യുദ്ധത്തിൽനിന്ന് പിൻമാറണം എന്ന ആവശ്യമാണ് പ്രധാനമായും യുക്രൈയ്നുള്ളത്. റഷ്യൻ സൈനികർ ആയുധം കയ്യിൽ വെക്കണമെന്നും മടങ്ങിപ്പോകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. ബെലറൂസ് തലസ്ഥാനമായ മിൻസ്കിൽ വെച്ച് ചര്‍ച്ച നടത്താമെന്ന് അറിയിച്ച് റഷ്യ ബെലറൂസിലേയ്ക്ക് പ്രതിനിധി സംഘത്തെ അയച്ചെങ്കിലും റഷ്യൻ അനുകൂല രാജ്യമായ ബെലറൂസിൽ വെച്ച് ചര്‍ച്ച വേണ്ടെന്ന് യുക്രൈൻ നിലപാടെടുക്കുകയായിരുന്നു.
തുടര്‍ന്ന് ബെലറൂസ് പ്രസിഡൻ്റ് അലക്സാണ്ടര്‍ ലുക്കാഷെൻകോയുമായി സെലെൻസ്കി ഫോണിൽ സംസാരിച്ചതിനു പിന്നാലെയായിരുന്നു ഗോമൽ വേദിയാകുമെന്ന തീരുമാനം പുറത്തു വന്നത്. ഫെബ്രുവരി 24ന് യുക്രൈനു നേര്‍ക്ക് റഷ്യ സൈനികാക്രമണം ആരംഭിച്ച് ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുന്നത്.
ഇതിനിടെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി ഫോണിൽ സംസാരിച്ച സെലെൻസ്കി യുക്രൈന് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ഇതുവരെ നേരിട്ടുള്ള സൈനിക ഓപ്പറേഷൻ നടത്തിയിട്ടില്ലെങ്കിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന തിരക്കിലാണ് നാറ്റോ. റഷ്യയ്ക്കെതിരെയും പ്രസിഡൻ്റ് വ്ലാഡിമിര്‍ പുടിനെതിരെയും നാറ്റോ രാജ്യങ്ങളും യുഎസ് സഖ്യകക്ഷികളും നിരവധി ഉപരോധങ്ങളാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
എന്നാൽ റഷ്യയിലെ അണ്വായുധ വിഭാഗത്തോട് തയ്യാറായിരിക്കാൻ ഇന്നലെ പുടിൻ നിര്‍ദേശിച്ചത് യുദ്ധം പുതിയ തലത്തിലെത്തുമെന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ ചര്‍ച്ച നിര്‍ണായകമാണ്. മുൻ ഉപാധികളൊന്നുമില്ലാതെയാണ് യുക്രൈൻ ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്.
അതേസമയം, ചര്‍ച്ച വിജയിക്കുമെന്ന കാര്യത്തിൽ യുക്രൈൻ പ്രസിഡൻ്റിന് ഉറപ്പില്ല. എല്ലാ തവണത്തെയും പോലെ ഇത്തവണയും ചര്‍ച്ച വിജയിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അവര്‍ ശ്രമിക്കട്ടെ എന്നുമായിരുന്നു സെലെൻസ്കിയുടെ പ്രതികരണം. കീഴടങ്ങില്ലെന്നും രാജ്യത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും വിട്ടു കൊടുക്കില്ലെന്നും യുക്രൈൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും വ്യക്തമാക്കി.
ഇതിനോടകം യുക്രൈനിലെ ചില നഗരങ്ങളെങ്കിലും റഷ്യൻ സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ റഷ്യൻ സേനയ്ക്ക് കനത്ത നാശം വിതയ്ക്കാനായെന്നാണ് കണക്കുകള്‍ നിരത്തി യുക്രൈൻ്റെ മറുപടി. 4300 റഷ്യൻ സൈനികരെ വധിച്ചെന്നും ഏറ്റുമുട്ടലിൽ 240 യുക്രൈൻകാര്‍ കൊല്ലപ്പെട്ടെന്നുമാണ് യുക്രൈൻ്റെ വാദം. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാനായാണ് നിലവിലെ ഏറ്റുമുട്ടൽ.
അതിനിടെ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട്. പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്കെതിരെ സൗഹൃദപരമല്ലാത്ത സമീപനം കൈക്കൊള്ളുന്നുവെന്ന് പുടിൻ അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റഷ്യ-യുക്രൈൻ യുദ്ധം ലോകരാജ്യങ്ങൾക്കിടയിൽ ചര്‍ച്ചയായിരിക്കെ പുടിന്റെ ഉത്തരവ് കൂടുതൽ ആശങ്കയുണ്ടാക്കും.
ആണവ പ്രതിരോധ സേനയെ പ്രത്യേക ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സായുധ സേനാ തലവനോടും പുടിൻ നിര്‍ദ്ദേശം നൽകി. യുക്രൈന് നാറ്റോയുടെ ഭാഗത്തു നിന്നും സഹായം ലഭിച്ചേക്കാൻ ഇടയുണ്ടെന്ന മുന്നറിയിപ്പാണ് ഇത്തരമൊരു ഉത്തരവിടാൻ പുടിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.
ആണവ പ്രതിരോധ സേനയോട് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിര്‍ പുടിൻ തയ്യാറാകാൻ നിര്‍ദേശം നല്‍കിയതിനു പിന്നാലെ നിര്‍ണായക നീക്കവുമായി റഷ്യൻ സഖ്യകക്ഷിയായ ബെലറൂസ്. അണ്വായുധമുക്ത രാജ്യമെന്ന പദവി ബെലറൂസ് ഭരണഘടനയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ റഷ്യയുടെ അണ്വായുധങ്ങള്‍ ബെലറൂസിൻ്റെ ഏതു ഭാഗത്തു വേണമെങ്കിലും വിന്യസിക്കാം.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല