
സ്വന്തം ലേഖകൻ: യുക്രൈയ്‌നിലെ സുമിയിൽ നടന്ന റഷ്യയുടെ ആക്രമണത്തിൽ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഏഴ് വയസുകാരി ഉൾപ്പെടെയാണ് മരിച്ചത്. സുമി ഒബ്ലാസ്റ്റിലെ ചെറിയ നഗരമായ ഒഖ്തിർക്കയിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് സാധാരണക്കാർ മരിച്ചത്. ഇക്കാര്യം മേഖലയിലെ ഗവർണർ ദിമിത്രി ഷിവിറ്റ്സ് സ്ഥിരീകരിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
യുക്രൈയ്‌നിന്റെ തലസ്ഥാനമായ കീവിൽ നിന്ന് 345 കിലോമീറ്റർ അകലെയാണ് ഒഖ്തിർക്ക സ്ഥിതി ചെയ്യുന്നത്. അതിനിടെ കീവിലുണ്ടായ ആക്രമണത്തിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ടുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. യുക്രൈയ്ൻ തലസ്ഥാനമായ കീവിലെ പടിഞ്ഞാറൻ ഭാഗത്തുള്ള ജില്ലയിൽ റഷ്യൻ സൈന്യം വെടിവെയ്പ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് ആറ് വയസുകാരൻ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കീവിൽ വ്യോമ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.
കാർകീവിൽ നടന്ന റഷ്യൻ ആക്രമണത്തിൽ കെട്ടിട സമുച്ചയം തകർന്നിരുന്നു. അപകടത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. കാർകീവിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒമ്പത് നില കെട്ടിടമാണ് തകർന്ന് വീണത്. ഏകദേശം എൺപതോളം പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്താൻ യുക്രൈയ്ൻ സൈന്യത്തിന് കഴിഞ്ഞിരുന്നു. ഇവരെ ബേസ്‌മെന്റിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടാകെ കാർകീവിൽ വാത പൈപ്പ് ലൈൻ പൊട്ടിത്തെറിച്ചിട്ടുണ്ട്. വിഷപ്പുക വ്യാപിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം.
കീവിൽ റഷ്യൻ സൈന്യം ആക്രമണം കടുപ്പിക്കുമ്പോഴും തലസ്ഥാന നഗരം ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് യുക്രൈയ്ൻ അവകാശപ്പെടുന്നത്. അതേസമയം റഷ്യയുടെ അധിനിവേശത്തിൽ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രക്ഷോഭങ്ങൾ തുടരുകയാണ്. ഒരു വിഭാഗം റഷ്യൻ ജനതയും യുദ്ധത്തിന് എതിരായതിനാൽ നിരവധി പേർ മോസ്‌കോയിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങുന്നുണ്ട്. ഏകദേശം മൂവായിരം റഷ്യക്കാരെ പുടിൻ ഭരണകൂടം അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
അതിനിടെ ഇതുവരെ 4,300 റഷ്യൻ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകൾ തകർത്തെന്നും യുക്രൈൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോർട്ട്. റഷ്യക്കെതിരെ പ്രതിരോധം തീർക്കാൻ സൈന്യത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി ‘രാജ്യാന്തരസേന’ രൂപീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വരെ കിയവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. കിയവ് നഗരത്തിൽ രാത്രിയും പകലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. റഷ്യൻ സേന നഗരത്തിൽ കടന്നതിനാലാണ് പുതിയ തീരുമാനം. അതേസമയം ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു. യുക്രൈൻ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് ചെയ്നിയൻ പ്രസിഡൻറ് അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ ഇതുവരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യമന്ത്രി അറിയിച്ചു.
വ്യാഴാഴ്ച തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച മുതൽ 1,20,000 യുക്രൈൻ സ്വദേശികൾ പലായാനം ചെയ്തെന്നാണ് യുഎൻ കണക്ക്. യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്നാണ് റഷ്യ നേരത്തെ നൽകിയ വിശദീകരണം. കിയവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ പറയുന്നത്. ആക്രമണം നടത്തിയെന്ന റിപ്പോർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല