
സ്വന്തം ലേഖകൻ: യുക്രൈനിലെ സാഫോറീസിയ ആണവനിലയത്തിന്റെ കാര്യത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ ആശങ്കയറിയിച്ച് ഇന്ത്യ. റഷ്യന്‍ നിയന്ത്രണത്തിലുള്ള ആണവനിലയത്തിനടുത്ത് ഷെല്ലാക്രമണം രൂക്ഷമായെന്ന വാര്‍ത്തകളെ മുന്‍നിര്‍ത്തിയായിരുന്നു പ്രതികരണം.
യുക്രൈനിലെ ആണവനിലയങ്ങളുടെ സുരക്ഷാകാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇന്ത്യയുടെ സ്ഥിരംപ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ആണവനിലയങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ഭീഷണിയും ജനങ്ങളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും വലിയ പ്രത്യാഘാതമുണ്ടാക്കാവുന്നതാണ്. അപകടമൊഴിവാക്കാന്‍ പരസ്പരധാരണയുണ്ടാകണമെന്ന് രുചിര കാംബോജ് അഭിപ്രായപ്പെട്ടു.
യുദ്ധം സാഫോറീസിയ ആണവനിലയത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ മരിയാനോ ഗ്രോസി സുരക്ഷാസമിതിയെ അറിയിച്ചു. സ്ഥലത്ത് പരിശോധന നടത്താനുള്ള സൗകര്യം അടിയന്തരമായി ഒരുക്കണമെന്നും ആവശ്യപ്പെട്ടു. മേഖലയിലെ സൈനികനടപടികള്‍ ഉടന്‍ നിര്‍ത്തണം. സാഹചര്യം അതിഗുരുതരമാണെന്നും ഗ്രോസി മുന്നറിയിപ്പ് നല്കി. സാഫോറീസിയ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് യു.എസ്. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസും ആവശ്യപ്പെട്ടു.
തെക്കന്‍ യുക്രൈനില്‍ നൈപ്പര്‍ നദിക്കരയിലാണ് സാഫോറീസിയ ആണവനിലയം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയങ്ങളില്‍ ഒന്നാണിത്. അധിനിവേശത്തിന്റെ ആരംഭത്തില്‍ത്തന്നെ റഷ്യന്‍സൈന്യം സാഫോറീസിയയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. യുക്രൈന് ജീവനക്കാരെ ഉപയോഗിച്ചുതന്നെയാണ് പ്രവര്‍ത്തനം തുടരുന്നത്. ആണവനിലയത്തിനടുത്ത് ഷെല്ലാക്രമണങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച് യുക്രൈനും റഷ്യയും പരസ്പരം കുറ്റമാരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല