
സ്വന്തം ലേഖകൻ: കിഴക്കന്‍ മേഖലയിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായി യുക്രൈന്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നു രാവിലെയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ യുക്രൈനെതിരെ സൈനിക നടപടി പ്രഖ്യാപിച്ചത്. റഷ്യയുടെ ആക്രമണത്തില്‍ നൂറുകണക്കിന് യുക്രൈന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്.
യുക്രൈന്‍ വ്യോമസേനയെ കീഴ്‌പ്പെടുത്തിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടി.എ.എസ്.എസ്. റിപ്പോര്‍ട്ട് ചെയ്തു. കര, വ്യോമ, നാവിക സേനകളുടെ ബഹുമുഖ ആക്രമണമാണ് റഷ്യ നടത്തുന്നത്. പുതിന്റെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍നിന്നും മറ്റ് നഗരങ്ങളില്‍നിന്നും സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.
യുക്രൈനെതിരെ റഷ്യ തുടക്കം കുറിച്ചത് സമ്പൂര്‍ണ അധിനിവേശത്തിനാണെന്നും സമാധാനപൂര്‍ണമായ യുക്രൈന്‍ നഗരങ്ങള്‍ ആക്രമണത്തിന്റെ നിഴലിലാണെന്നും വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു.
അതേസമയം യുക്രൈനിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്കായി നിര്‍ദേശം പുറത്തിറക്കി. യുക്രൈനിലെ നിലവിലെ സ്ഥിതി അതീവ അനിശ്ചിതത്വത്തിലാണ്. ശാന്തത പാലിക്കാനും എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായിരിക്കാനും എംബസി നിര്‍ദേശം നല്‍കുന്നു. കീവിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.
റഷ്യന്‍ അധിനിവേശത്തിന് തക്കതായ മറുപടി യുക്രൈന്‍ നല്‍കുമെന്ന് യുക്രൈന്‍ എം.പി. വോളോദിമിര്‍ അരിയേവ് ‘ഇന്ത്യാ ടുഡേ’യോടു പ്രതികരിച്ചു. റഷ്യയ്ക്ക് നരകത്തിലേക്ക് സ്വാഗതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യ യുദ്ധം പ്രഖ്യാപിക്കുകയും ആക്രമണങ്ങള്‍ ആരംഭിക്കുകയും ചെയ്തതിന് പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നു. നഗരത്തിലെ ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് ജനങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ റഷ്യ ബോംബാക്രമണം ആരംഭിച്ചതിന് പിന്നാലെ നിരവധിപേരാണ് മെട്രോ സ്‌റ്റേഷനുകളിലെത്തിയത്. മാത്രമല്ല, കീവ് നഗരത്തില്‍നിന്ന് പുറത്തേക്കുള്ള റോഡുകളിലെല്ലാം രാവിലെ മുതല്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കീവിലെയും ഒഡേസയിലെയും പെട്രോള്‍ പമ്പുകളിലും എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവാണുള്ളത്. വ്യാഴാഴ്ച രാവിലെ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പായി കീവില്‍ സൈറണും മുഴങ്ങിയിരുന്നു. ഇതിനുപിന്നാലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണ്. റഷ്യന്‍ ആക്രമണമുണ്ടായാല്‍ മെട്രോ സ്‌റ്റേഷനില്‍ ജനങ്ങള്‍ക്ക് സുരക്ഷിത താവളം ഒരുക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി കീവ് മേയര്‍ വിറ്റാലി ക്ലിഷ്‌കോ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേര്‍ മെട്രോ സ്‌റ്റേഷനുകളില്‍ എത്തിയത്.
അതിനിടെ, ഇന്റര്‍നെറ്റ്, മൊബൈല്‍, ടെലിവിഷന്‍ സംപ്രേഷണം എന്നിവയെല്ലാം യുക്രൈയിനില്‍ സാധാരണനിലയിലയാണെന്നാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകയായ ഓള്‍ഗ ടോകാര്യൂക് ട്വീറ്റ് ചെയ്തു. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണെന്നും ഇവര്‍ അറിയിച്ചു. കീവിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും വ്യാഴാഴ്ച രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നതായി ചിലര്‍ ട്വീറ്റ് ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്കിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്
വിമതർക്കൊപ്പം ഒരു പട്ടണത്തിന് നേരെ റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികർ കൊല്ലപ്പെട്ടതായി യുക്രൈയ്‌നിന്റെ സൈനിക കമാൻഡ് അറിയിച്ചു. കിഴക്കൻ നഗരമായ കാർക്കീവിന് സമീപം നാല് റഷ്യൻ ടാങ്കുകളും തകർത്തു. മറ്റൊരു റഷ്യൻ വിമാനത്തെ ക്രാമാറ്റോർസ്കിൽ തകർത്തുവെന്നും സായുധ സേനയുടെ ജനറൽ സ്റ്റാഫ് ട്വീറ്റ് ചെയ്തു.
വിമതമേഖലയായ ലുഹാൻസ്‌കിൽ ഉൾപ്പെടെ ആറ് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രൈയ്‌ൻ സൈന്യം അറിയിച്ചതായി വാർത്താ എജൻസി റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധയിടങ്ങളിൽ അതിഭീകരമായ തുടർ സ്ഫോടനങ്ങൾ നടന്നതോടെയാണ് യുക്രൈയ്‍ന്‍ തിരിച്ചടിക്കാൻ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും. യുക്രൈയ്‌ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല