1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2024

സ്വന്തം ലേഖകൻ: ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധഭൂമിയിലേക്ക് കടത്തപ്പെട്ടവരിൽ മൂന്ന് മലയാളികളിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ ടിനു പനിയടിമ, പ്രിന്‍സ് സെബാസ്റ്റ്യൻ, വിനീത് സില്‍വ എന്നിവരാണ് റഷ്യയില്‍ എത്തി യുക്രൈനെതിരായ യുദ്ധത്തില്‍ കൂലിപ്പടയാളികളാകാന്‍ നിര്‍ബന്ധിതരായത്. ഇതിൽ പ്രിന്‍സ് സെബാസ്റ്റ്യനാണ് വെടിയേറ്റത്.

പ്രിന്‍സിന് തലയ്ക്കാണ് വെടിയേറ്റത്. വെടിയുണ്ട നീക്കം ചെയ്തിട്ടുണ്ട്. മൈന്‍ പൊട്ടിത്തെറിച്ച് ഇയാളുടെ കാല്‍ തകര്‍ന്നിട്ടുമുണ്ട്. ടാങ്കില്‍ സഞ്ചരിക്കവേയാണ് പ്രിന്‍സിന് വെടിയേറ്റത്. മറ്റ് രണ്ടുപേരും ഇപ്പോഴും യുദ്ധമുഖത്താണ്. വെടിയേറ്റ പ്രിന്‍സിന്റെ അവസ്ഥ മോശമാണെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവരാണ് റഷ്യയിലേക്ക് കടത്തപ്പെട്ട മൂന്നുപേരും. 24, 25 വയസ് പ്രായമുള്ളവരാണ് ഇവർ.

റഷ്യയില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം നല്‍കിയാണ് ഇവരെ യുദ്ധമുഖത്ത് എത്തിച്ചത്. മാസം രണ്ടുലക്ഷം രൂപ ശമ്പളമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സമാനമായ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെ ഇത്തരത്തില്‍ റഷ്യയിലേക്ക് കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കാന്‍ റിക്രൂട്ടിങ് നടന്നിരുന്നു. മലയാളിയായ ഏജന്റാണ് ഇവരെ ചതിച്ചത് എന്നാണ് ആരോപണം.

റഷ്യയില്‍ കുടുങ്ങിയ ഇവരുടെ വീട് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍ വ്യാഴാഴ്ച സന്ദര്‍ശിക്കും. തട്ടിപ്പ് നടത്തി ഇന്ത്യക്കാരെ റഷ്യയിലെ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അറസ്റ്റുള്‍പ്പെടെ നപടികള്‍ ഉണ്ടായി. ഇതിന് പിന്നാലെയാണ് മലയാളികള്‍ യുദ്ധമുഖത്തുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

സംഭവത്തില്‍ ഇവരുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഏഴ് ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് ഏജന്റ് റഷ്യയിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ടി വാങ്ങിയത്. റഷ്യന്‍ റിക്രൂട്ട്‌മെന്റ് വിഷയത്തില്‍ ദേശീയ തലത്തില്‍ സി.ബി.ഐ. അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് മക്കള്‍ ഇത്തരത്തിൽ റഷ്യയിലെത്തിയ വിവരം വീട്ടുകാര്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.