1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2021

സ്വന്തം ലേഖകൻ: ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് ‘അപകടകരമായ’ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.