സ്വന്തം ലേഖകന്‍: ബ്രിട്ടന് വേണ്ടി ചാരപ്പണി നടത്തി പിടിയിലായ മുന്‍ റഷ്യന്‍ ചാരനും മകളും മാരക രാസവസ്തു ആക്രമണത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഷോപ്പിങ് സെന്റര്‍ സമുച്ചയത്തിലെ ബെഞ്ചില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ റഷ്യക്കാരനായ മുന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രീപലിനെയും (66) മകള്‍ യുലിയയെയും (33) മാരക രാസവസ്തു ഉപയോഗിച്ച് ആരോ അപായപ്പെടുത്താന്‍ ശ്രമിച്ചതായിരിക്കാമെന്നു നിഗമനം. സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുമെന്നും പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് ഉറപ്പുനല്‍കി.
ഗുരുതരാവസ്ഥയിലായ ഇരുവരേയും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷ വസ്തുവിന്റെ രൂപത്തിലുള്ള സാംപിളുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളിലെ ഒരു ബെഞ്ചില്‍ ലഹരിക്ക് അടിപ്പെട്ടവരെ പോലെയായിരുന്നു സെര്‍ജി ഉണ്ടായിരുന്നത്. ഇയാള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. മാള്‍ അധികൃതര്‍ ഉടന്‍ പോലീസിനെ അറിയിച്ചതോടെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ശത്രുക്കള്‍ക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റഷ്യയുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന സെര്‍ജിയെ 2004 ല്‍ അറസ്റ്റ് ചെയ്തിരുന്നു. 2006 ല്‍ 13 വര്‍ഷത്തേക്ക് ഇയാളെ റഷ്യ ജയില്‍ ശിക്ഷയ്ക്കും വിധിച്ചിരുന്നു. യു.എസ് അറസ്റ്റ് ചെയ്ത റഷ്യന്‍ ചാരസുന്ദരിക്ക് പകരം റഷ്യ യു.എസിന് വിട്ടുകൊടുത്ത കുറ്റവാളി കൂടിയാണ് സെര്‍ജി സ്‌ക്രിപല്‍. 2010 ല്‍ പ്രസിഡന്റ് ദിമിത്രി മെന്‍ഡലിയേവ് മാപ്പ് നല്‍കിയതോടെയാണ് പുറത്തിറങ്ങിയത്. യു.കെയുടെ ചാര സംഘടനനായ എം.ഐ.ആറിന് ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല