1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെയുണ്ടായ രാസായുധ പ്രയോഗം; റഷ്യയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ബ്രിട്ടന്‍. സംഭവത്തിനു പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്നു തെളിഞ്ഞാല്‍ ശക്തമായ പ്രതികരണം ഉറപ്പാണെന്നു ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണാണു വ്യക്തമാക്കിയത്. ഹോം സെക്രട്ടറി അംബര്‍ റൂഡിന്റെ അധ്യക്ഷതയില്‍ അടിയന്തിര കോബ്ര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റഷ്യന്‍ ഇടപെടല്‍ വ്യക്തമായാല്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗം ചര്‍ച്ച ചെയ്തതായാണു വിവരം. മോസ്‌കോയില്‍ ഉടന്‍ ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ പോലും ബ്രിട്ടന്റെ പരിഗണനയിലുണ്ടെന്നാണു ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍!ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ ബ്രിട്ടന്റെ ആശങ്കകളെ റഷ്യ തള്ളിക്കളഞ്ഞു.

സംഭവത്തെക്കുറിച്ചു തങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ബ്രിട്ടന്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണത്തോടു സഹകരിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ റഷ്യയാണെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകളെ ബ്രിട്ടനിലെ റഷ്യന്‍ എംബസി അപലപിച്ചു. ഇതിനിടെ ഇക്കാര്യത്തില്‍ പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം തുടരുകയാണെന്നും ഏതാനും മണിക്കൂറിനുള്ളില്‍ വ്യക്തമായ ചിത്രം പുറത്തുവരുമെന്നും ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംബര്‍ റൂഡ് വ്യക്തമാക്കി.

ഞായറാഴ്ച ബ്രിട്ടനിലെ സാലിസ്ബറിയില്‍ വച്ചായിരുന്നു ബ്രിട്ടനുവേണ്ടി ചാരപ്പണി ചെയ്തിരുന്ന മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ സെര്‍ജി സ്‌ക്രിപലിനും(66) മകള്‍ യൂലിയയ്ക്കും(33) നേരേ വിഷവസ്തു പ്രയോഗം ഉണ്ടായത്. അബോധാവസ്ഥയിലായ ഇരുവരും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.ഷോപ്പിങ് സെന്ററിലെ റസ്റ്ററന്റിനു മുന്നിലിരുന്ന ഇരുവരും പെട്ടെന്ന് അസ്വാഭാവികമായ സ്വഭാവമാറ്റം കാണിക്കുകയും പിന്നീട് ബോധം നഷ്ടപ്പെടുകയും ചെയ്യുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.