1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2021

സ്വന്തം ലേഖകൻ: ബഹിരാകാശത്തു വെച്ചുള്ള ആദ്യ സിനിമാ ചിത്രീകരണം പൂ‍ര്‍ത്തിയാക്കി റഷ്യൻ സംഘം ഭൂമിയിൽ പറന്നിറങ്ങി. ചിത്രീകരണത്തിൻ്റെ ഭാഗമായി 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടര്‍ന്ന ശേഷമാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ സംഘം കസാഖിസ്ഥാനിൽ പറന്നിറങ്ങിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലിഗ് നോവിക്സി, നടിയായ യൂലിയ പെരസിൽഡ്് (37), നിര്‍മാതാവും സംവിധായകനുമായ കിം ഷിപെൻകോ (38) എന്നിവരാണ് തിരിച്ചു ഭൂമിയിലെത്തിയത്.

രണ്ടാഴ്ച മുൻപ് സോയൂസ് എംഎസ് 18 പേടകത്തിലാണ് മൂവരും ബഹിരാകാശ നിലയത്തിലെത്തിയതെന്ന് നാസയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കസാഖിസ്ഥാനിലെ കാറഗാണ്ട നഗരത്തിലേയ്ക്ക് ഹെലികോപ്റ്ററിൽ എത്തുന്ന ഇവര്‍ തുട‍ന്ന് ഇവര്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെൻ്ററിൻ്റെ വിമാനത്തിൽ റഷ്യയിലെ സ്റ്റാ‍ര്‍ സിറ്റിയിലെത്തും.

ബഹിരാകാശം പ്രമേയമാകുന്ന ചലച്ചിത്രങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ബഹിരാകാശത്തു വെച്ച് സിനിമാ ചിത്രീകരണം നടത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം മിഷൻ ഇംപോസിബിള്‍ താരം ടോം ക്രൂസും സ്സേസ്എക്സ് തലവൻ ഇലോൺ മസ്കും നാസയും ചേര്‍ന്ന് ഒരു ഹോളിവുഡ് ചിത്രം പുറത്തിറക്കുന്നതായും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉദ്ദേശിക്കുന്ന രീതിയിൽ ചിത്രീകരണം മുന്നേറിയാൽ ബഹിരാകാശത്തു ചിത്രീകരിച്ചു പുറത്തിറങ്ങുന്ന ആദ്യ ചിത്രമെന്ന ഖ്യാതി റഷ്യൻ സിനിമയ്ക്ക് ഉണ്ടാകും.

ഈ മാസം ആദ്യമാണ് സംവിധായകനും നടിയും ബഹിരാകാശ സഞ്ചാരിയും അടങ്ങുന്ന സംഘം റഷ്യയിലെ ബൈകോനൂര്‍ കോസ്മോഡ്രോമിൽ നിന്ന് ബഹികാശത്തേയ്ക്ക പുറപ്പെട്ടത്. ദ ചലഞ്ച് എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനാണ് മുതിര്‍ന്ന ബഹിരാകാശ സഞ്ചാരിയായ ആൻ്റൺ ഷ്കപ്ലറോവിൻ്റെ സഹായത്തോടെ സംഘം പുറപ്പെട്ടത്.

അതേസമയം, സിനിമ ചിത്രീകരണത്തിനായി മൊത്തം എത്ര രൂപ ചെലവാകുമെന്നോ സിനിമയുടെ പ്രമേയം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ഒരു ബഹിരാകാശ സഞ്ചാരിയുടെ ജീവൻ രക്ഷിക്കാനായി പുറപ്പെടുന്ന വനിതാ ഡോക്ടറുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്നാണ് വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്. ഷൂട്ടിങ് സംഘത്തിനൊപ്പം ബഹിരാകാശനിലയത്തിലുണ്ടായിരുന്ന മറ്റ് രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികളും സംഘത്തെ നയിച്ച ഷ്കപ്ലെറോവും ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഷൂട്ടിങ് സംഘവുമായി തിരിച്ചു ഭൂമിയിലേയ്ക്ക് പറക്കാനൊരുങ്ങവേ സോയൂസ് പേടകത്തിൻ്റെ ത്രസ്റ്ററുകള്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതു മൂലം 30 മിനിട്ടോളം ബഹിരാകാശ നിലയത്തിൽ ചില പ്രശ്നങ്ങളുണ്ടായതായും നാസ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാര്‍ത്താ ഏജൻസിയായ ടാസിനോടാണ് നാസ വക്താവ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സമയത്തു തന്നെ ബഹിരാകാശ നിലയത്തിൽ നിന്നു പുറപ്പെടാൻ ഇവര്‍ക്ക് സാധിച്ചെന്നും നാസ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിങ് സംഘം ഭൂമിയിലിറങ്ങുന്ന കാഴ്ചയും മറ്റൊരു സംഘം ക്യാമറയിൽ പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളും സിനിമയുടെ ഭാഗമാകും. സിനിമ യാഥാര്‍ഥ്യമായാൽ ആദ്യമായി ബഹിരാകാശത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന ഖ്യാതിയും റഷ്യയ്ക്ക് സ്വന്തമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.