1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2020

സ്വന്തം ലേഖകൻ: ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം അന്വേഷിക്കുന്നത്. വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലായി. അതോടെ പറയുന്നയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അലക്സി ജീവന്‍ നിലനിര്‍ത്തുന്നത്. വിമാനത്തില്‍ വെച്ച് അലക്സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികര്‍ പറയുന്നു. വിഷം ഉള്ളില്‍ ചെന്നതാണ് അലക്‌സിയെ വീഴ്ത്തിയത് എന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാല്‍ എങ്ങനെ എവിടെവച്ച് വിഷം ഉള്ളിലെത്തി എന്നതാണ് സംശയം ഉയരുന്നത്.

വിമാനത്തില്‍ കയറും വരെ അലക്‌സി ആരോഗ്യവാനും ഉന്മേഷവാനും ആയിരുന്നു. അതിനാല്‍ തന്നെ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷപദാര്‍ത്ഥം എത്തിയിരിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും പാര്‍ട്ടിയും കുടുംബവും വിരല്‍ ചൂണ്ടുന്നതും ഈ സാധ്യതയിലേക്കാണ്. പക്ഷേ എവിടെ വച്ച് വിഷം ഉള്ളിലെത്തി

ഈ സാധ്യതയെ ഊട്ടി ഉറപ്പിക്കുന്നതാണ് അലക്‌സി വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രം. ഈ ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം എത്തിയതെന്നാണ് സംശയം. വിമാനത്തിനുള്ളില്‍ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനിയും വ്യക്തമാക്കി കഴിഞ്ഞു.

ചായയിലാണ് വിഷം എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അലക്‌സിക്ക് ചായ നല്‍കിയശേഷം ജീവനക്കാരന്‍ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജര്‍ പറയുന്നത്. അലക്‌സി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് എത്തി കഫേ അടപ്പിച്ചിരുന്നു. അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നു.

അലക്‌സിയെ കാണാന്‍ ഭാര്യയെയും പേഴ്‌സണല്‍ ഡോക്ടറെയും അനുവദിക്കാതിരുന്നതും ദുരൂഹത ഉയര്‍ത്തുന്നതാണ്. അലക്‌സിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. അലക്‌സിക്ക് എന്തുസംഭവിച്ചുവെന്ന വിവരം ആശുപത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നിലവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് കുടുംബം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

ഈ ചോദ്യത്തിന്റെ മുന നീളുന്നത് റഷ്യന്‍ പ്രസിഡന്റ് പുടിന് നേരെയാണ്‌. നിരവധി തവണ അലക്‌സിയുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുള്ളയാളാണ് പുടിന്‍. എതിരാളികളെ നിശബ്ദരാക്കാന്‍ എന്തും ചെയ്യുമെന്ന ദുഷ്‌പേരും പുടിനുണ്ട്. അലക്‌സി പലതവണ അലക്‌സി ജയിലിലടയ്ക്കപ്പെട്ടു. പക്ഷേ കുടുംബവും പാര്‍ട്ടിയും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണത്തെ പുടിന്റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.