1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2022

സ്വന്തം ലേഖകൻ: റഷ്യയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒടുവില്‍ യൂറോപ്പിനെ തന്നെ ഇരുട്ടിലാക്കുന്നു. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യന്‍ നടപടി യൂറോപ്പിനെ കടുത്ത ഇന്ധന ക്ഷാമത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വര്‍ധിക്കാൻ ഈ നീക്കം കാരണമായി. ഫലമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പല യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ബന്ധിതരായിരിക്കുകയാണ്.

ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കടുത്ത ഊർജ ക്ഷാമമോ, ഉയര്‍ന്ന ഉപഭോഗമോ ഉണ്ടാകുകയാണെങ്കില്‍ നിര്‍ബന്ധിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ കമ്മിഷന്‍ നിര്‍ബന്ധിതമായേക്കാം. ഊർജ ഉപഭോഗം സ്വമേധയാ 15 ശതമാനം കുറയ്ക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ ആഹ്വാനം 17 അംഗരാജ്യങ്ങളില്‍ നിന്നുള്ള ഊര്‍ജ മന്ത്രിമാര്‍ അംഗീകരിച്ചപ്പോള്‍ ഹംഗറി മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ചില രാജ്യങ്ങളും നഗരങ്ങളും ശൈത്യകാലത്തിനു മുന്നോടിയായി ഊർജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

ഫ്രാന്‍സിന് ആവശ്യമായ ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് 70 ശതമാനത്തോളം ആണവോര്‍ജ്ജത്തില്‍ നിന്നാണു ലഭിക്കുന്നത്. എന്നിരുന്നാലും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഊർജ ഉപഭോഗം 10 ശതമാനം കുറയ്ക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്. ശീതികരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളോടു വാതിലുകള്‍ അടച്ചിടണമെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

തുറന്ന കഫേകളിലും ബാര്‍ ടെറസുകളിലും എസിയും ഹീറ്ററും ഉപയോഗിക്കുന്നതിനും ഫ്രാന്‍സില്‍ നിയന്ത്രണങ്ങളുണ്ട്. പുലര്‍ച്ച ഒരു മണി മുതല്‍ രാവിലെ ആറു വരെ പ്രകാശാലംകൃതമായ പരസ്യങ്ങള്‍ക്ക് രാജ്യമെമ്പാടും നിരോധനമുണ്ട്. 26 ഡിഗ്രിയില്‍ കൂടുതല്‍ താപനിലയുണ്ടെങ്കില്‍ മാത്രമാണു സര്‍ക്കാര്‍ ഓഫിസുകളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ അനുമതി.

ഈ വര്‍ഷം ജൂലൈ ആദ്യം മുതല്‍ തന്നെ ഊർജ ഉപഭോഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ഇറ്റലി പ്രാവര്‍ത്തികമാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ നേരത്തെ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ രാജ്യം പരിഗണിച്ചിരുന്നു. പക്ഷേ, പുതിയ നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് മുതല്‍ സര്‍ക്കാര്‍ കെട്ടിടങ്ങളിലെ എയര്‍ കണ്ടീഷനറുകള്‍ക്കും ഹീറ്ററുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.