1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2022

സ്വന്തം ലേഖകൻ: സൂപ്പര്‍ മാര്‍ക്കറ്റില്‍ പഞ്ചസാരക്ക് വേണ്ടി അടികൂടി റഷ്യക്കാര്‍. പഞ്ചസാര പാക്കറ്റുകള്‍ക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പരസ്പരം പോരടിക്കുന്ന റഷ്യക്കാരുടെ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ട്രോളികളില്‍ കൊണ്ടുവെച്ച പഞ്ചസാര പാക്കറ്റുകള്‍ക്കായി ആളുകള്‍ പരസ്പരം വഴക്കിടിക്കുന്നത് വീഡിയോയില്‍ കാണാം. ഒരാള്‍ എടുത്ത പഞ്ചസാര പാക്കറ്റുകള്‍ ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരേയും വീഡിയോയില്‍ ദൃശ്യമാണ്.

യുക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സാമ്പത്തിക രംഗം തകര്‍ച്ച നേരിട്ടതിന് പിന്നാലെ രാജ്യത്തെ ചില കടകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരക്ക് പരിധി നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. റഷ്യയിലെ വാര്‍ഷിക പണപ്പെരുപ്പം 2015-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ പഞ്ചസാര അടക്കമുള്ളവയുടെ വിലയും കുതിച്ചുയര്‍ന്നു.

എന്നാല്‍, പഞ്ചസാരക്ക് ക്ഷാമം ഇല്ലെന്നും ഉപഭോക്താക്കള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒപ്പം പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവെക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ, രാജ്യത്തുനിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സര്‍ക്കാര്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുക്രൈനില്‍ സൈനികാക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്ക്ക് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റഷ്യയിലെ പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വിലയുയരുകയാണെന്നും അവശ്യവസ്തുക്കളുടെ വില്‍പനയില്‍ നിയന്ത്രണം കൊണ്ടുവന്നുതുടങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.