1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2022

സ്വന്തം ലേഖകൻ: ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ എങ്ങനെ പ്രതിരോധിക്കും? – ഐക്യരാഷ്ട്ര സംഘടനയിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനോടായിരുന്നു ചോദ്യം. ചോദിച്ചത് പാക്കിസ്ഥാൻകാരനായ മാധ്യമപ്രവർത്തകനും. ജയശങ്കർ നൽകിയ മറുപടി ആ മാധ്യമപ്രവർത്തകന്റെ വായടപ്പിക്കുന്നതായിരുന്നു!

ചോദ്യം ഇങ്ങനെ: ന്യൂഡൽഹി, കാബൂൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കിനിൽക്കും?

ജയശങ്കറിന്റെ മറുപടി: നിങ്ങൾക്ക് ആളു മാറിപ്പോയി. പാക്കിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. ചർച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനങ്ങൾക്ക് അതു മനസ്സിലായി. അതുകൊണ്ട് ഞാൻ ഉപദേശിക്കുന്നത്, സ്വന്തം പ്രവൃത്തികൾ കളങ്കരഹിതമാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി, വികസനം തുടങ്ങി ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അതു പിന്തുടരുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ പാക്കിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു. യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ശേഷമുള്ള ‘ഗ്ലോബൽ കൗണ്ടർടെററിസം അപ്രോച്ച്: ചലഞ്ചസ് ആൻഡ് വേ ഫോർവേഡ്’ എന്ന പരിപാടിയുടെ ഭാഗമായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ലഹോറിലെ വീടിനു മുൻപിൽ കഴിഞ്ഞ വർഷം ജൂൺ 23ന് നടന്ന ആക്രമണത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണം ഉൾപ്പെടുന്ന ‘ഫയൽ’ പാക്കിസ്ഥാൻ ഈയാഴ്ച പങ്കുവച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.