1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2020

സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ ‘ആത്​മനിർഭർ ഭാരത്​’ പദ്ധതിയിലൂടെ ഖത്തറിനും ഇന്ത്യക്കും പ്രയോജനകരമാകുന്ന നിരവധി പുതിയ അവസരങ്ങളുണ്ടാകുമെന്ന്​ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്​ ജയ്ശങ്കർ. രണ്ടു​ ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനെത്തിയ അദ്ദേഹം ദോഹയിൽ ബിസിനസ്​ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു.

ഞായറാഴ്​ച രാവിലെയാണ്​ അദ്ദേഹം ദോഹയിൽ എത്തിയത്​. ഇന്ത്യ-ഖത്തർ ഉന്നത ബിസിനസ് ചർച്ചയിലാണ്​ അദ്ദേഹം ആദ്യദിവസം പ​ങ്കെടുത്തത്​. ഖത്തർ ബിസിനസ്​ അസോസിയേഷൻ ചെയർമാൻ ശൈഖ്​ ഖലീഫ ബിൻ ജാസിം ആൽഥാനി, ഖത്തരി ബിസിനസ്​ മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ്​ ഫൈസൽ ബിൻ ഖാസിം ആൽഥാനി എന്നിവരുമായി വിദേശകാര്യമന്ത്രി ചർച്ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്​ പങ്കാളിത്തത്തിൽ ഇന്ത്യൻ ബിസിനസുകാരും ഖത്തരി ബിസിനസുകാരും വഹിക്കുന്ന പങ്കിനെ എസ്​. ജയ്​ശങ്കർ അഭിനന്ദിച്ചു. കേന്ദ്ര സർക്കാറിന്‍റെ ‘ആത്​മനിർഭർ ഭാരത്​’ പദ്ധതി സംബന്ധിച്ച്​ വിശദീകരിച്ച അദ്ദേഹം പദ്ധതി വഴി നിരവധി പുതിയ അവസരങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. ഖത്തറിലെ ബിസിനസ്​ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും ചർച്ചയിൽ പ​ങ്കെടുത്തു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലും പ​ങ്കെടുത്തു. വിവിധ ഇന്ത്യൻകമ്മ്യൂണിറ്റി നേതാക്കളുമായും പ്രതിനിധികളുമായും മന്ത്രി ഓൺലൈനിൽ ആശയവിനിമയം നടത്തി.

ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായും ഉന്നത ഉദ്യോഗസ്​ഥരുമായും കേന്ദ്രമന്ത്രി ഇന്ന്​ കൂടിക്കാഴ്ച നടത്തുന്നുണ്ട്​. ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്യും. മേഖലാ, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ചയാകും.

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വലിയ വളർച്ചയാണ് ഈയടുത്ത കാലങ്ങളിൽ രൂപപ്പെട്ടിട്ടുള്ളത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഈയടുത്ത് മൂന്ന് തവണയാണ് ഫോണിലൂടെ സംഭാഷണം നടത്തിയത്. കേന്ദ്ര വിദേശകാര്യമന്ത്രിയും മറ്റു കേന്ദ്ര വകുപ്പുമന്ത്രിമാരും ഖത്തറിലെ തങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായും ഉദ്യോഗസ്​ഥരുമായും ഫോൺ സംഭാഷണം നടത്തിയിരുന്നു.

നിയമപ്രശ്‌നങ്ങളില്‍പ്പെടുന്നവര്‍ക്കും അനാരോഗ്യവും മറ്റും മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതു വരെ താമസിക്കാനുള്ള താല്‍ക്കാലിക സൗകര്യം ഖത്തറിൽ ഏര്‍പ്പെടുത്തണമെന്ന് പ്രവാസി സംഘടനകൾ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറിനോട് അഭ്യർഥിച്ചു.

ഇന്ത്യന്‍ എംബസിയില്‍ സ്ഥിരം ലീഗല്‍ ഓഫിസറെ നിയമിക്കുക, ഇന്ത്യക്കാര്‍ക്കായി കമ്യൂണിറ്റി കേന്ദ്രം നിര്‍മിക്കുക, ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനുള്ള ഭൂമി അനുവദിക്കുക, ദോഹയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളും കൂടുതല്‍ സ്‌കൂളുകളും തുടങ്ങാനുള്ള അവസരമുണ്ടാക്കുകയും നടപടിക്രമങ്ങള്‍ ലളിതമാക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കേന്ദ്രമന്ത്രിയുമായി നടന്ന ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് ഖത്തര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട ആവശ്യങ്ങൾ ഇന്ത്യന്‍ പ്രവാസി സംഘടനാ നേതാക്കൾ അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയില്‍ ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് നല്‍കിയ കരുതലിന് ഖത്തര്‍ സര്‍ക്കാരിനെ നന്ദി അറിയിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രിയായി സ്​ഥാനമേറ്റെടുത്തതിന് ശേഷം ഡോ. എസ്​ ജയ്ശങ്കറിെൻറ പ്രഥമ ഖത്തർ സന്ദർശനം കൂടിയാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്​തമാകാൻ സന്ദർശനം ഉപകരിക്കുമെന്ന്​ ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.