1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2015

സ്വന്തം ലേഖകന്‍: യെമനിലെ ഹൗതി തീവ്രവാദികളുടെ ശക്തികേന്ദ്രമായ സാദാ വിട്ടു പോകാന്‍ യെമന്‍ പൗരന്മാര്‍ക്ക് അറബ് സഖ്യം അന്ത്യശാസനം നല്‍കി. സാദായെ പ്രധാന സൈനിക ലക്ഷ്യമായി പ്രഖ്യാപിച്ചതിനാല്‍ ഏതു നിമിഷവും ആക്രമണം ഉണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണിത്.

സാധാരണ ജനങ്ങളൊട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ വിമാനം വഴി വിതരണം ചെയ്തതായി സൗദിയിലെ അല്‍ അക്ബാറിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ സൗദി, യെമന്‍ അതിര്‍ത്തി പ്രദേശത്തുനിന്ന് സൗദിയിലെ നജ്രാനിലേക്ക് ഹൗതികള്‍ റോക്കറ്റ്, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

സംഭവത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് കടുത്ത നടപടികള്‍ എടുക്കാന്‍ സൗദിയേയും സഖ്യ കക്ഷികളേയും പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ആക്രമണം നടത്തിയ ഹൗതികള്‍ സാദാ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

സാദായില്‍ തമ്പടിച്ചിരിക്കുന്ന പ്രധാന ഹൗതി കമ്മാന്‍ഡര്‍മാരെ ഉന്നം വച്ചായിരിക്കും പുതിയ ആക്രമണമെന്ന് സൗദി സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം സാദായിലെ മുഴുവന്‍ സാധാരണ ജനങ്ങളും ഒഴിഞ്ഞു പോകുന്നത് പ്രായോഗികമല്ലെന്നും സഖ്യസേന കാര്‍പ്പറ്റ് ബോംബിങ്ങ് പോലുള്ള ആക്രമണങ്ങള്‍ നടത്തിയാല്‍ മരിക്കുന്നത് അധികവും അത്തരക്കാര്‍ ആയിരിക്കുമെന്നും അരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തി.

ഹൗതികള്‍ സൗദി പട്ടണമായ നജ്രാനില്‍ റോക്കറ്റാക്രമണം നടത്തിയതിന്റെ മറുപടിയായി സൗദി വ്യോമസേന 24 മണിക്കൂറില്‍ 30 ആക്രമണമങ്ങളാണ് സാദായില്‍ നടത്തിയത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ സാദായിലെ സാധാരണ ജനജീവിതം ദുസ്സഹമാക്കുന്നതായും വരാനിരിക്കുന്ന വലിയ ആക്രമണത്തിനു മുമ്പ് മിക്കവരും പലായനം തുടങ്ങിയെന്നുമാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.